മുംബൈ: വാട്സ്ആപ്പിന്റെ എതിരാളിയായ ടെലഗ്രാം 'പേ ഫോർ' സർവീസസുകൾ ആരംഭിക്കുന്നു. 500 ദശലക്ഷം ഉപഭോക്താക്കളുമായി വളർന്നുകൊണ്ടിരിക്കുന്ന ടെലഗ്രാം ആപ്പ് 2021 ൽ ഈ സേവനം ആരംഭിക്കുമെന്നാണ് റഷ്യക്കാരനായ സ്ഥാപകൻ പവേൽ ദുറോവ് പറയുന്നത്. നിലവിലെ സാഹചര്യത്തിൽ കുറഞ്ഞത് 500 ദശലക്ഷം ഡോളർ ഒരു വർഷം കമ്പനിക്ക് ആവശ്യമുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

അടുത്ത വർഷം ജനുവരി മുതൽ ടെലഗ്രാം വരുമാനം നേടാനുള്ള പദ്ധതികൾ തുടങ്ങും. ഇതിനായി പുതിയ ഫീച്ചറുകളും കമ്പനി അവതരിപ്പിക്കും. അതിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആപ്പിലേക്ക് എത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സൗജന്യമായി ലഭിക്കുന്ന എല്ലാ സേവനങ്ങളും തുടർന്നും സൗജന്യമായി തന്നെ ലഭിക്കും. ബിസിനസ് സംഘങ്ങൾക്കും മറ്റും വേണ്ടിയായിരിക്കും പുതിയ ഫീച്ചറുകൾ. ആളുകൾ തമ്മിലുള്ള ആശയ വിനിമയത്തിനിടയിൽ പരസ്യം പ്രദർശിപ്പിക്കില്ലെന്നും ദുറോവ് വ്യക്തമാക്കിയിട്ടുണ്ട്.