ദില്ലി: യുഎസ് ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ല 2021 ൽ ഇന്ത്യയിലേക്ക് എത്തുമെന്ന സൂചന നൽകി കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്‍ക്. ഇന്ത്യയ്ക്ക് ടെസ്‍ല വേണം എന്ന ടി-ഷർട്ടിന്റെ ഫോട്ടോയുള്ള ഒരു ട്വിറ്റർ പോസ്റ്റിന് മറുപടിയായാണ് മസ്‍ക് ഇന്ത്യയിലേക്കുളള കമ്പനിയുടെ വരവിന്റെ സൂചന നൽകിയത്. 

"അടുത്ത വർഷം ഉറപ്പാണ്, " എന്നായിരുന്നു ഇലോൺ മസ്‍ക് ഈ ട്വിറ്റിന് നൽകിയ മറുപടി. 

കേന്ദ്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും നിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ടെസ്‍ലയുടെ ഇന്ത്യൻ വിപണിയിലേക്കുളള പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം എത്തുന്നത്.

കഴിഞ്ഞ വർഷം ഡിമാൻഡ് മന്ദഗതിയിലായ ഇന്ത്യയുടെ വാഹനമേഖലയെ കൊറോണ വൈറസ് പകർച്ചവ്യാധി വലിയ തോതിൽ ബാധിച്ചു, വിൽപ്പന വർധിപ്പിക്കാൻ കാർ നിർമ്മാതാക്കൾ സർക്കാരിന്റെ പിന്തുണ തേടിയിരിക്കുകയാണ്.