ദില്ലി: അടുത്ത വർഷം ആദ്യം തന്നെ ടെസ്‌ല കമ്പനി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. തുടക്കത്തിൽ ഇലക്ട്രിക് കാർ വിൽപ്പനയാവും ശ്രദ്ധിക്കുക. ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണത്തിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ധന ഉപഭോഗം കുറയ്ക്കാനും അതുവഴി മലിനീകരണം കുറയ്ക്കാനും കേന്ദ്രസർക്കാർ കഠിനമായി അധ്വാനിക്കുന്നുണ്ട്. ഇതിന് വേണ്ടി ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ പ്രചാരം നൽകുകയാണ്. ആദ്യ ഘട്ടത്തിൽ തങ്ങളുടെ ഏറ്റവും വില കുറഞ്ഞ മോഡൽ 3 ആവും ഇന്ത്യൻ വിപണിയിലിറക്കുക.

74739 ഡോളറാണ് ഇതിന്റെ സ്റ്റാർട്ടിങ് പ്രൈസ്.  ഏതാണ്ട് 55 ലക്ഷം രൂപ. 2021 ൽ തന്നെ കമ്പനി ഇന്ത്യയിൽ രംഗപ്രവേശം ചെയ്യുമെന്നും എന്നാൽ ജനുവരിയിൽ ഉണ്ടാകില്ലെന്നുമാണ് ടെസ്‌ല കമ്പനി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എലോൺ മുസ്ക് പറഞ്ഞത്.