പിസ്സ ഹട്ടിന്റെ മാതൃ കമ്പനിയായ 'യം ബ്രാന്‍ഡ്‌സ്' ആഗോള പിസ്സ ശൃംഖലയെ 2.7 ബില്യണ്‍ ഡോളറിന് വില്‍ക്കുന്നു. കടുത്ത മത്സരവും ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നില്‍. ഈ വില്‍പ്പന ചൈന, ഇന്ത്യയുള്‍പ്പെടെയുള്ള ആഗോള വിപണികളില്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കും.

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ജനിച്ച ഇന്ത്യക്കാര്‍ക്ക് പിസ്സ ഹട്ട് വെറുമൊരു പിസ്സ കടയായിരുന്നില്ല. ജന്മദിനാഘോഷങ്ങള്‍ക്കും, പരീക്ഷകളിലെ വിജയങ്ങള്‍ ആഘോഷിക്കാനും, കുടുംബവുമൊത്തുള്ള ഒത്തുചേരലുകള്‍ക്കുമുള്ള പ്രിയപ്പെട്ട ഇടമായിരുന്നു അത്. ലോകത്തെ ഏറ്റവും വലിയ റെസ്റ്റോറന്റ് ബ്രാന്‍ഡുകളിലൊന്നായ ആ പിസ്സ ഹട്ട് ഇപ്പോള്‍ പുതിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. പിസ്സ ഹട്ടിന്റെ മാതൃ കമ്പനിയായ 'യം ബ്രാന്‍ഡ്‌സ്' 2.7 ബില്യണ്‍ ഡോളറിന് ഈ ആഗോള പിസ്സ ശൃംഖലയെ വില്‍ക്കുകയാണ്. നിലവില്‍ കെഎഫ്സി, ടാക്കോ ബെല്‍ എന്നീ ജനപ്രിയ ബ്രാന്‍ഡുകളുടെ മാതൃ കമ്പനി കൂടിയാണ് യം ബ്രാന്‍ഡ്‌സ്. കടുത്ത മത്സരം, ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവയെ തുടര്‍ന്നാണ് കമ്പനിയുടെ ഈ വമ്പന്‍ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ടായി വിഭജിച്ച് വില്‍പ്പന

രണ്ട് ഭാഗങ്ങളായാണ് ഈ വില്‍പ്പന നടക്കുക. ചൈനയിലെ പിസ്സ ഹട്ട് ബിസിനസ് 1.2 ബില്യണ്‍ ഡോളറിന് 'യം ചൈന ഹോള്‍ഡിങ്‌സ്' സ്വന്തമാക്കും. ബാക്കിയുള്ള ആഗോള ബിസിനസ് 1.5 ബില്യണ്‍ ഡോളറിന് 'ലോങ്‌റേഞ്ച് ക്യാപിറ്റല്‍' എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണ് വാങ്ങുന്നത്. റെഗുലേറ്ററി അനുമതികള്‍ ലഭിക്കുന്ന മുറയ്ക്ക് ഈ വര്‍ഷം മൂന്നാം പാദത്തോടെ ഈ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്തുകൊണ്ട് വില്‍ക്കുന്നു?

ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളിലുണ്ടായ മാറ്റങ്ങളും ഫാസ്റ്റ് ഫുഡ് രംഗത്തെ കടുത്ത മത്സരവും പിസ്സ ഹട്ടിനെ കുറച്ചു കാലങ്ങളായി പ്രതിസന്ധിയിലാക്കിയിരുന്നു. പണപ്പെരുപ്പവും ഉയര്‍ന്ന ചെലവുകളും തിരിച്ചടിയായി. കൂടാതെ, ആരോഗ്യകരമായ ഭക്ഷണരീതികളിലേക്കുള്ള ആളുകളുടെ മാറ്റവും, പ്രത്യേകിച്ച് ജിഎല്‍പി-1 പോലെയുള്ള ഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗവും പിസ്സ വില്‍പനയെ കാര്യമായി ബാധിച്ചു. ഇതിന് പുറമെ ഫുഡ് ഡെലിവറി ആപ്പുകളുടെ വരവും പ്രാദേശിക പിസ്സ ബ്രാന്‍ഡുകളുടെ വളര്‍ച്ചയും വെല്ലുവിളിയായി. കഴിഞ്ഞ കുറച്ചു പാദങ്ങളായി വില്‍പ്പനയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് പിസ്സ ഹട്ടിനെ വില്‍ക്കാന്‍ യം ബ്രാന്‍ഡ്‌സ് കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചിരുന്നു. ഈ വില്‍പ്പനയോടെ കൂടുതല്‍ വളര്‍ച്ച കാണിക്കുന്ന കെഎഫ്‌സി, ടാക്കോ ബെല്‍ എന്നീ ബ്രാന്‍ഡുകളില്‍ വ്യക്തമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനിക്ക് സാധിക്കുമെന്ന് യം ബ്രാന്‍ഡ്‌സ് സിഇഒ ക്രിസ് ടര്‍ണര്‍ പറഞ്ഞു.

നീണ്ട ചരിത്രമുള്ള ബ്രാന്‍ഡ്

1977-ല്‍ പെപ്‌സികോയാണ് പിസ്സ ഹട്ടിനെ ഏറ്റെടുത്തത്. പിന്നീട് 1997-ല്‍ കെഎഫ്‌സി, ടാക്കോ ബെല്‍ എന്നിവയ്‌ക്കൊപ്പം 'ട്രൈക്കോണ്‍ ഗ്ലോബല്‍ റെസ്റ്റോറന്റ്‌സ്' എന്ന പേരില്‍ ഇതൊരു പുതിയ കമ്പനിയായി മാറി. ഇതാണ് 2002-ല്‍ യം ബ്രാന്‍ഡ്‌സ് ആയി മാറിയത്. ഇന്ത്യയില്‍ വിദേശ റെസ്റ്റോറന്റ് ശൃംഖലകള്‍ വന്നുതുടങ്ങുന്ന കാലത്ത്, പാശ്ചാത്യ ശൈലിയിലുള്ള റെസ്റ്റോറന്റ് സംസ്‌കാരം ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് പിസ്സ ഹട്ട് ആയിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകളും ഡെലിവറി ആപ്പുകളും വന്നതോടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിസ്സ ബിസിനസ് രംഗം പാടെ മാറിമറിഞ്ഞു.

ചൈനീസ് വിപണിയും പുതിയ പ്രതീക്ഷകളും

പിസ്സ ഹട്ടിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ചൈനയിലെ ഇടപാടാണ് ഇതില്‍ ഏറെ ശ്രദ്ധേയം. പ്രാദേശിക കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന ആഗോള ട്രെന്‍ഡിന്റെ ഭാഗമായാണ് യം ചൈന ഹോള്‍ഡിങ്‌സിന് ബിസിനസ് കൈമാറുന്നത്. നിലവില്‍ 18,000-ത്തിലധികം റെസ്റ്റോറന്റുകളുള്ള യം ചൈന, 2028 ഓടെ ചൈനയില്‍ 6,000-ത്തിലധികം പിസ്സ ഹട്ട് ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. യം ചൈനയും യം ബ്രാന്‍ഡ്‌സും ചേര്‍ന്ന് ചൈനയില്‍ ടാക്കോ ബെല്‍ വിപുലീകരിക്കാനും കെഎഫ്‌സി ചൈനയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാനും ധാരണയായിട്ടുണ്ട്.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

വില്‍പ്പനാ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലെ പിസ്സ ഹട്ട് ഫ്രാഞ്ചൈസി ഓപ്പറേറ്റര്‍മാരായ സഫയര്‍ ഫുഡ്‌സ് ഇന്ത്യ ലിമിറ്റഡ്, ദേവയാനി ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നിവയുടെ ഓഹരികളില്‍ ഇടിവുണ്ടായി. ഇന്ത്യയില്‍ യം ബ്രാന്‍ഡ്‌സിന് ഒറ്റ വിതരണക്കാരനില്ലെങ്കിലും, പിസ്സ ഹട്ടിന്റെ പ്രവര്‍ത്തനങ്ങളും വിതരണ ശൃംഖലയും പ്രധാനമായും കൈകാര്യം ചെയ്യുന്നത് ഈ രണ്ട് കമ്പനികളാണ്.