സ്പേസ് എക്സ് ഐപിഒയ്ക്ക് ശേഷം ഇലോൺ മസ്ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആയി മാറി. ഒരൊറ്റ ദിവസം കൊണ്ട് മുകേഷ് അംബാനിയുടെ ആകെ സമ്പാദ്യത്തേക്കാൾ കൂടുതൽ നേടിയിരിക്കുകയാണ് മസ്ക്. ഇന്ത്യയുടെ ജിഡിപിയുടെ നാലിലൊന്നിനോട് അടുക്കുകയാണ് മസ്കിന്റെ ആസ്തി. ഈ കണക്കുകൾ സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

സംഖ്യകൾ ചിലപ്പോൾ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്, എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ഈ കണക്കുകൾ കേട്ടാൽ ആരുടെയും കണ്ണുതള്ളും. ലോകം കാത്തിരുന്ന സ്പേസ് എക്സിന്റെ (SpaceX) നാസ്ഡാക് (Nasdaq) ഐപിഒയ്ക്ക് (IPO) പിന്നാലെ, ലോകത്തിലെ ആദ്യത്തെ 'ട്രില്യണയർ' (Trillionaire) ആയി മാറിയിരിക്കുകയാണ് ഇലോൺ മസ്ക്. നിലവിൽ 1.3 ട്രില്യൺ ഡോളറാണ് മസ്കിന്റെ ആകെ സമ്പാദ്യം. എന്നാൽ ഇതിനേക്കാളൊക്കെ ലോകത്തെ അമ്പരപ്പിക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പ്രധാന താരതമ്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരൊറ്റ ദിവസം! 

വെറുമൊരു ട്രേഡിംഗ് ദിവസം കൊണ്ട് മസ്കിന്റെ സമ്പാദ്യത്തിൽ ഉണ്ടായ വർദ്ധനവ് 164.8 ബില്യൺ ഡോളറാണ് (ഏകദേശം 14.71% വർദ്ധനവ്). കേൾക്കുമ്പോൾ വെറുമൊരു സംഖ്യയായി തോന്നാം. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആകെ സമ്പാദ്യവുമായി ഇതിനെ താരതമ്യം ചെയ്തു നോക്കാം. അംബാനിയുടെ ആകെ ആസ്തി 89.7 ബില്യൺ ഡോളറാണ്. അതായത്, അംബാനിയുടെ ആകെ സമ്പാദ്യത്തിന്റെ ഏകദേശം ഇരട്ടിയോളമാണ് മസ്ക് ഒരൊറ്റ ദിവസം കൊണ്ട് മാത്രം ഉണ്ടാക്കിയത്. അതേദിവസം അംബാനിയുടെ സമ്പാദ്യത്തിലും 965 മില്യൺ ഡോളറിന്റെ (1.09%) വർദ്ധനവുണ്ടായി.

ഇന്ത്യയുടെ ജിഡിപിയും മസ്കിന്റെ സമ്പത്തും

ഇനി ഇതിലും വലിയ കണക്ക് ഇനി പറയാം. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയുടെ ആകെ ജിഡിപി (GDP) 4.15 ട്രില്യൺ ഡോളറാണ്. എന്നാൽ മസ്കിന്റെ വ്യക്തിഗത ആസ്തി മാത്രം 1.3 ട്രില്യൺ ഡോളർ വരും. അതായത് 140 കോടിയിലധികം ജനങ്ങളുള്ള ഒരു ഭാരതത്തിന്റെ ആകെ സാമ്പത്തിക ഉത്പാദനത്തിന്റെ നാലിലൊന്നിനോട് (കാൽ ഭാഗം) അടുത്ത് നിൽക്കുന്നു ഒരു വ്യക്തിയുടെ സമ്പാദ്യം. ലോകത്ത് നിലനിൽക്കുന്ന കടുത്ത സാമ്പത്തിക അസമത്വത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെന്ന് എക്സ് (X) പ്ലാറ്റ്‌ഫോമിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്.

മസ്ക് എങ്ങനെ 'ട്രില്യണയർ' ആയി?

ജൂൺ 12 നായിരുന്നു മസ്കിന്റെ സാമ്രാജ്യത്തിലെ നിർണായക കമ്പനിയായ സ്പേസ് എക്സ് ഓഹരി വിപണിയിൽ എത്തിയത്. റോക്കറ്റുകളും സാറ്റലൈറ്റുകളും എഐ സാങ്കേതികവിദ്യയും കൈകാര്യം ചെയ്യുന്ന സ്പേസ് എക്സ്, തങ്ങളുടെ ആദ്യ ഐപിഒയിലൂടെ റെക്കോർഡ് തുകയായ 75 ബില്യൺ ഡോളറാണ് സമാഹരിച്ചത്. മനുഷ്യചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത സാമ്പത്തിക ഉയരങ്ങളിലാണ് ഇലോൺ മസ്ക് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്.