കോഴിക്കോട് സുഡിയോ ഔട്ട്ലെറ്റിന് മുന്നിൽ എസ്ഐഒ സംഘടിപ്പിച്ച പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുന്നു
തിരുവനന്തപുരം: ഉപ്പ് തൊട്ട് വിമാനം വരെ ടാറ്റയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ് ഇന്ത്യാക്കാർ. ആ ടാറ്റ ഗ്രൂപ്പിന് കീഴിലെ വസ്ത്ര വിതരണ ശൃംഖലയാണ് സുഡിയോ. ആയിരം രൂപയ്ക്ക് താഴെ ഗുണമേന്മയുള്ള ട്രൻ്റി വസ്ത്രങ്ങൾ അവതരിപ്പിച്ച് സംസ്ഥാനത്തടക്കം കുറഞ്ഞ കാലം കൊണ്ട് സുഡിയോ വിപണി പിടിച്ചിരുന്നു. ഇവരുടെ കോഴിക്കോട്ടെ ഔട്ട്ലെറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡൻ്റ് ഇസ്ലാമിക് ഓർഗനൈസേഷനാണ് കോഴിക്കോട് സുഡിയോ ഔട്ട്ലെറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇസ്രായേലുമായി സഹകരിക്കുന്ന കമ്പനിയെന്ന നിലയിൽ ടാറ്റ ഗ്രൂപ്പിനെ ബഹിഷ്‌കരിക്കണമെന്ന ആഗോള തലത്തിലെ ആഹ്വാനത്തിൻ്റെ ഭാഗമായാണ് കോഴിക്കോട് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് എസ്ഐഒ നേതാവ് വാഹിദ് ചുള്ളിപ്പാറ പ്രതികരിച്ചു.
പലസ്തീനിലെ ഇസ്രയേൽ ആക്രമണങ്ങളെ ആഗോള തലത്തിൽ എതിർക്കുന്ന കൂട്ടായ്മയായ ബിഡിഎസിൻ്റെ (ബോയ്കോട് ഡൈവെസ്റ്റ്മെൻ്റ് സാങ്ഷൻസ്) ആഹ്വാന പ്രകാരമാണ് പ്രതിഷേധം. ബലിപെരുന്നാൾ അടുത്തിരിക്കെ സുഡിയോയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങരുതെന്ന നിലപാടാണ് എസ്ഐഒ ഉന്നയിക്കുന്നത്. ഇതിൻ്റെ ഭാഗാമായാണ് കോഴിക്കോട്ടെ സുഡിയോ ഔട്ട്ലെറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് വാഹിദ് വ്യക്തമാക്കി. ഇസ്രയേൽ അനുകൂല നിലപാടെന്ന പേരിൽ അഡിഡാസ്, എച്ച് ആൻ്റ് എം, ടോമി ഹിൽഫിഗർ, കാൽവിൻ ക്ലെയ്ൻ, വിക്ടോറിയാസ് സീക്രട്, ടോം ഫോർഡ്, സ്കെചേർസ് അടക്കം നിരവധി അന്താരാഷ്ട്ര ബ്രാൻ്റുകൾക്കെതിരെയും എസ്ഐഒ നിലപാടെടുത്തിട്ടുണ്ട്.
പലസ്തീൻ വിഷയമുയർത്തി ഇസ്രയേലിനെതിരെ സാമ്പത്തിക രംഗത്ത് വലിയ പ്രചാരണം നടത്തുന്ന കൂട്ടായ്മയാണ് ബിഡിഎസ്. ഇസ്രയേൽ ഉൽപ്പന്നങ്ങളും ഇസ്രയേൽ അനുകൂല നിലപാടെടുക്കുന്ന ഉൽപ്പന്നങ്ങളും ബഹിഷ്കരിക്കുക, ഈ കമ്പനികളിലെ നിക്ഷേപം പിൻവലിക്കുക, സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധം ഏർപ്പെടുത്തുക തുടങ്ങിയ നിലപാടാണ് ഈ കൂട്ടായ്മ ഉയർത്തുന്നത്. അമേരിക്കൻ മുസ്ലിംസ് ഫോർ പലസ്തീൻ, സെൻ്റർ ഫോർ ഈസ്റ്റ് ആൻ്റ് ഗ്ലോബൽ അഫയേർസ് തുടങ്ങി ലോകരാഷ്ട്രങ്ങളിലെ നൂറിലേറെ സംഘടനകൾ ഈ കൂട്ടായ്മയെ അനുകൂലിച്ച് നിലപാടെടുത്തിട്ടുണ്ട്.


