ദില്ലി: കഴിഞ്ഞാഴ്ച കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരവേദനയും ക്ഷീണവും കിതപ്പും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അമിത് ഷായെ ദില്ലി എയിംസ് ആശുപത്രിയിലാക്കിയത്. കൊവിഡാനന്തരചികിത്സയുടെ ഭാഗമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും, അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.

''കഴിഞ്ഞ മൂന്ന് നാല് ദിവസമായി അമിത് ഷാ ക്ഷീണവും ദേഹത്താകെ വേദനയുമുണ്ടെന്ന് പറഞ്ഞിരുന്നു. നിലവിൽ അദ്ദേഹം കൊവിഡ് മുക്തനാണ്. എയിംസ് കൊവിഡ് കെയർ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരം തന്നെയാണ്. അദ്ദേഹം ആശുപത്രിയിൽ നിന്ന് തന്നെ ജോലി ചെയ്യുന്നുമുണ്ട്'', എന്ന് എയിംസിന്‍റെ വാർത്താക്കുറിപ്പ്. 

55-കാരനായ അമിത് ഷാ കഴിഞ്ഞയാഴ്ചയാണ് ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയിൽ നിന്ന് കൊവിഡ് മുക്തനായി തിരികെയെത്തിയത്. വീട്ടിലിരുന്നും അദ്ദേഹം ചില ഫയലുകൾ നോക്കിയിരുന്നതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. അദ്ദേഹം തന്നെയാണ് കൊവിഡ് മുക്തനായ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.