Asianet News MalayalamAsianet News Malayalam

കൊവിഡ് രോ​ഗിയായ സ്ത്രീ ആംബുലൻസിന് വേണ്ടി കാത്തിരുന്നത് അഞ്ചുമണിക്കൂറിലധികം; സംഭവം വിശദീകരിച്ച് അധികൃതർ

എന്തിനാണ് ഇവിടെ കിടക്കുന്നതെന്ന് ഒരാൾ സ്ത്രീയോട് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. തനിക്ക് കൊവിഡാണെന്നും കൂടാതെ ഡയാലിസിസ് പേഷ്യന്റ് കൂടിയാണെന്നും സ്ത്രീ പറയുന്നുണ്ട്.
 

covid patient waiting for ambulance in front of hospital for more than five hours
Author
Bengaluru, First Published Apr 14, 2021, 4:19 PM IST

ബം​ഗളൂരു: കൊവിഡ് ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് പോകേണ്ടി വന്ന സാഹചര്യത്തിൽ സ്ത്രീക്ക് ആശുപത്രിക്ക് മുന്നിൽ കാത്തിരിക്കേണ്ടി വന്നത് അഞ്ചര മണിക്കൂർ. ബം​ഗളൂരിലെ മല്യ ആശുപത്രിയിലാണ് സംഭവം. സ്ത്രീ ആശുപത്രിക്ക് മുന്നിലുള്ള ബെഞ്ചിൽ കിടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്തിനാണ് ഇവിടെ കിടക്കുന്നതെന്ന് ഒരാൾ സ്ത്രീയോട് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. തനിക്ക് കൊവിഡാണെന്നും കൂടാതെ ഡയാലിസിസ് പേഷ്യന്റ് കൂടിയാണെന്നും സ്ത്രീ പറയുന്നുണ്ട്.

കൊവിഡായതിനാൽ ആശുപത്രിക്ക് അകത്ത് കയറാൻ സാധ്യമല്ല. ഉച്ചയ്ക്ക് 12.30 മുതൽ വാഹനത്തിനായി കാത്തിരിക്കുകയാണെന്നും അവർ വ്യക്തമാക്കുന്നു. ബസവന​ഗുഡിയിലെ ​രം​ഗദോർ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നതിന് മുമ്പ് വൈകുന്നേരം 6 മണി വരെ അവർക്കവിടെ കാത്തിരിക്കേണ്ടി വന്നു. ഏപ്രിൽ 12നാണ് സംഭവം. സ്ത്രീക്ക് ചികിത്സ നിഷേധിക്കുന്നതിൽ ആശുപത്രി അധികൃതർ നിസ്സം​ഗമായി പെരുമാറിയെന്ന് ആരോപണമുയരുന്നുണ്ട്. 

മല്യ ഹോസ്പിറ്റലിലെ ഡോക്ടറുമായി സംഭവത്തെക്കുറിച്ച് സംസാരിച്ചതായി ഇന്ത്യ ടുഡേ വാർത്താസംഘം വ്യക്തമാക്കുന്നു. ആശുപത്രിയിൽ സ്ഥിരമായി ഡയാലിസിസിന് എത്തുന്ന രോ​ഗിയാണ് ഈ സ്ത്രീ. സാധാരണ സ​ഹോദരിക്കൊപ്പം വരാറുള്ള അവർ അന്ന് തനിച്ചാണ് എത്തിയത്. കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആന്റിജൻ ടെസ്റ്റിന് വിധേയയാക്കി. പരിശോധനാ ഫലം പോസിറ്റീവായിരുന്നു. കൊവി‍ഡ് രോ​ഗികൾക്ക് ഡയാലിസിസ് നൽകാൻ സാധിക്കാത്തതിനാൽ ഇവരോട് കൊവിഡ് ചികിത്സാ സംവിധാനമുള്ള ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിക്കുകയായിരുന്നു എന്ന് മല്യ ഹോസ്പിറ്റൽ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ ഹുമേര സയീറ്റ പറഞ്ഞു. 

മല്യ ആശുപത്രി അധികൃതർ ക്ലിനിക്കിൽ വിശ്രമിക്കാൻ ആവശ്യപ്പെട്ടെങ്കിലും സഹോദരൻ ആംബുലൻസ് തയ്യാറാക്കിയിട്ടുണ്ടെന്നും ആശുപത്രിക്ക് പുറത്ത് ഇരുന്നുകൊള്ളാമെന്ന് സ്ത്രീ പറഞ്ഞതായും ഡോക്ടർ വിശദമാക്കുന്നു. എന്നാൽ സഹോദരൻ ആംബുലൻസ് അയക്കാതിരുന്നത് മൂലം വൈകുന്നേരം 6 മണിയോടെ ആശുപത്രി അധികൃതർ ആംബുലൻസിൽ സ്ത്രീയെ കൊവിഡ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios