ഹൈദരബാദ്: ഇന്ത്യയിലെ കൊവിഡ് പരിശോധനാ നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ്.  കൊവിഡ് 19 വൈറസ് വ്യാപനം കുറയ്ക്കാന്‍ വേണ്ടിയുള്ള താത്കാലിക രീതി മാത്രമാണ് ലോക്ക്ഡൌണെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് സൌമ്യ സ്വാമിനാഥന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് പരിശോധനാ നിരക്ക് കുറവാണെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണെന്നും അവര്‍ വിശദമാക്കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 

ചൊവ്വാഴ്ച ഒരു വീഡിയോ കോണ്‍ഫറന്‍സിനിടയിലാണ് സൌമ്യ സ്വാമിനാഥന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ 28 വാക്സിനുകള്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. ഇതില്‍ അഞ്ചെണ്ണം ഫേസ് 2വില്‍ എത്തിയതായും അവര്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനം കാര്യക്ഷമമായി തടഞ്ഞ ജര്‍മ്മനി, തായ്വാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇന്ത്യയിലെ പരിശോധനാ നിരക്ക് കുറവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

രോഗവ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ പോലും പരിശോധനാ നിരക്ക് കൂടുതലാണ്. പരിശോധനാ നിരക്ക് വര്‍ധിക്കാതെ വൈറസിനെതിരായ പോരാട്ടം കണ്ണുകെട്ടി അഗ്നിബാധ ചെറുക്കുന്നത് പോലെയാണെന്നും അവര്‍ പറയുന്നു. സര്‍ക്കാരുകള്‍ ആശുപത്രികളിലെ സാഹചര്യങ്ങള്‍ നിരന്തരമായി വിലയിരുത്തണം. ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നത് സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനായി സര്‍ക്കാരിന് സാവകാശം ലഭിക്കാന്‍ വേണ്ടിയാണെന്നും അവര്‍ പറയുന്നു.