ദില്ലി: നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ അടിസ്ഥാനത്തില്‍ ദില്ലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. അദ്ദേഹത്തെ വലിയ പരിശ്രമത്തിലൂടെ രക്ഷിക്കാനായി എന്നാണ് ആശുപത്രി അധികൃതര്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായും അവര്‍ അറിയിച്ചു. അതേസമയം, നിസാമുദ്ദീനിലെ ചടങ്ങുകളില്‍ പങ്കെടുത്തവരില്‍ കൊവിഡ് ബാധ കൂടി വരികയാണ്. തമിഴ്‌നാട്ടില്‍ 110 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എല്ലാവരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. നിസാമുദ്ദീനില്‍ നിന്ന് മടങ്ങി എത്തിയ വിദേശികളും കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. നിസാമുദ്ദീനില്‍ നിന്ന് മടങ്ങി എത്തിയവരില്‍ 190 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ 200 ലധികം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

കോയമ്പത്തൂരിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തേനിയില്‍ 20 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിസാമുദ്ദീനില്‍ നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ 1103 പേര്‍ ഐസൊലേഷനിലാണ്. അതേസമയം, ആന്ധ്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 70 പേരും നിസാമുദീനില്‍ നിന്നെത്തിയവര്‍ ആണെന്ന് സര്‍ക്കാര്‍ അറിയിച്ചു.