Asianet News MalayalamAsianet News Malayalam

അമ്മയ്ക്ക് ഓക്‌സിജന് വേണ്ടി പൊലീസുകാര്‍ക്ക് മുന്നിലിരുന്ന് കരയുന്ന മനുഷ്യന്‍; യുപിയില്‍ നിന്നുള്ള വീഡിയോ

പ്രിയപ്പെട്ടവര്‍ ശ്വാസം കിട്ടാതെ ജീവന് വേണ്ടി പിടയുമ്പോള്‍ എങ്ങനെയെങ്കിലും അവര്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് കരഞ്ഞും, കൈ കൂപ്പിയുമെല്ലാം അഭ്യര്‍ത്ഥിക്കുന്നവരുടെ വീഡിയോകള്‍ പലതും ഇതിനോടകം തന്നെ നമ്മള്‍ കണ്ടുകഴിഞ്ഞു. സമാനമായൊരു വീഡിയോ കൂടി ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്

man kneeling and begging for oxygen before cops
Author
Agra, First Published Apr 29, 2021, 7:19 PM IST

കൊവിഡ് 19 രണ്ടാം തരംഗത്തില്‍ കനത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അനിയന്ത്രിതമാം വിധം രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ചികിത്സയിലൂടെ രക്ഷപ്പെടുത്താവുന്ന രോഗികളെ കൂടി മരണത്തിന് വിട്ടുകൊടുക്കേണ്ട ദുരവസ്ഥയിലൂടെയാണ് പല സംസ്ഥാനങ്ങളും കടന്നുപോകുന്നത്. 

താങ്ങാനാകാത്ത ഭാരമായതോടെ രാജ്യത്തെ ആരോഗ്യമേഖലയും തകര്‍ന്ന അവസ്ഥയിലാണുള്ളത്. രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമല്ലാത്തതാണ് സ്ഥിതിഗതികള്‍ ഇത്രയും ഗുരുതരമാകാന്‍ കാരണം. ഓക്‌സിജന്‍ ലഭിക്കാത്തത് മൂലം മാത്രം നിരവധി പേരാണ് പലയിടങ്ങളിലായി മരിച്ചുവീണത്. 

പ്രിയപ്പെട്ടവര്‍ ശ്വാസം കിട്ടാതെ ജീവന് വേണ്ടി പിടയുമ്പോള്‍ എങ്ങനെയെങ്കിലും അവര്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് കരഞ്ഞും, കൈ കൂപ്പിയുമെല്ലാം അഭ്യര്‍ത്ഥിക്കുന്നവരുടെ വീഡിയോകള്‍ പലതും ഇതിനോടകം തന്നെ നമ്മള്‍ കണ്ടുകഴിഞ്ഞു. സമാനമായൊരു വീഡിയോ കൂടി ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. 

ആഗ്രയിലെ ഉപാധ്യായ് ആശുപത്രിയില്‍ നിന്നാണ് കരളലയിക്കുന്ന ഈ ദൃശ്യമെത്തുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ദൃശ്യം പകര്‍ത്തപ്പെട്ടതെന്ന് കരുതുന്നു. തന്റെ അമ്മയ്ക്ക് വേണ്ടി ഒരാള്‍ പൊലീസുകാരോട് ഓക്‌സിജന് വേണ്ടി കേണപേക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. പൊലീസുകാര്‍ക്ക് മുന്നില്‍ മുട്ടിലിരുന്ന് കൊണ്ടാണ് അദ്ദേഹം ഓക്‌സിജന് വേണ്ടി അഭ്യര്‍ത്ഥിക്കുന്നത്. 

എന്നാല്‍ പൊലീസുകാര്‍ അദ്ദേഹത്തെ ഗൗനിക്കുന്നതേയില്ല. ഇതിനിടെ ഒരു ഓക്‌സിജന്‍ സിലിണ്ടറുമായി ഏതാനും പേര്‍ ആശുപത്രിയിലേക്ക് നീങ്ങുന്നതും വീഡിയോയില്‍ കാണാം. സെക്കന്‍ഡുകള്‍ക്കകം ആരെല്ലാമോ ചേര്‍ന്ന് കരഞ്ഞുകൊണ്ട് പൊലീസുകാരോട് അപേക്ഷിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനെ പിടിച്ചുമാറ്റുന്നതും കാണാം. 

വീഡിയോയെ ചൊല്ലി ചില വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ആശുപത്രികള്‍ക്ക് സ്വന്തമായി ഓക്‌സിജന്‍ കണ്ടെത്താന്‍ സാധിക്കാത്ത പലയിടങ്ങളിലും രോഗികള്‍ക്ക് വേണ്ടി ബന്ധുക്കള്‍ തന്നെ ഓക്‌സിജന്‍ എത്തിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ തന്റെ അമ്മയ്ക്ക് വേണ്ടി ഓക്‌സിജനെത്തിച്ച ആളുടെ പക്കല്‍ നിന്ന് സിലിണ്ടര്‍ പിടിച്ചുവാങ്ങിക്കുന്നതാണ് വീഡിയോയിലുള്ളതെന്നാണ് ഒരു വാദം. 

എന്നാല്‍ ഇത് തെറ്റായ വാദമാണെന്നും വീഡിയോയില്‍ ചിലര്‍ ചേര്‍ന്ന് കൊണ്ടുപോകുന്നത് കാലിയായ സിലിണ്ടറാണെന്നും അദ്ദേഹം തന്റെ അമ്മയ്ക്ക് ഓക്‌സിജനെത്തിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് തങ്ങളോട് അപേക്ഷിക്കുകയായിരുന്നു എന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഏതായാലും വീഡിയോ പുറത്തായതോടെ നിരവധി പേരാണ് ഇത് പങ്കുവയ്ക്കുന്നത്. 

Also Read:- രാജ്യത്ത് ആവശ്യത്തിലധികം ഓക്‌സിജന്‍ സ്‌റ്റോക്കുണ്ട്, ആരും ആശങ്കപ്പെടേണ്ടെന്ന് കേന്ദ്രം...

നേരത്തേ മുതല്‍ക്ക് തന്നെ യുപിയില്‍ നിന്ന് കൊവിഡ് ഭീകരതയുടെ നേര്‍ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. പുതിയ വീഡിയോയും ഇത്തരത്തില്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയാണിപ്പോള്‍.

വീഡിയോ...

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios