വാക്സിന്‍ ലഭ്യതക്കുറവ് മൂലം ഒഡിഷയിലെ 700 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അടയ്ക്കേണ്ട അവസ്ഥയിലെത്തി. നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ച് അടുത്ത രണ്ട് ദിവസത്തേക്ക് മാത്രമാണ് വാക്സിന്‍ നല്‍കാനാവുക. സമയത്ത് രണ്ടാമത്തെ ഡോസ് വാക്സിന്‍ നല്‍കാന്‍ സാധിക്കാതെ വരുന്നത് സാഹചര്യം രൂക്ഷമാക്കും.

കൊവിഡ് വാക്സിന്‍ ദൗര്‍ലഭ്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനന് ഒഡിഷ ആരോഗ്യമന്ത്രിയുടെ കത്ത്. വാക്സിന്‍ ലഭ്യതക്കുറവിലുള്ള ആശങ്ക വ്യക്തമാക്കുന്നതാണ് കത്ത്. ദിവസേന 2.5 ലക്ഷം ആളുകള്‍ക്കാണ് കൊവിഡ് വാക്സിന്‍ നല്‍കുന്നത്. വാക്സിന്‍ ലഭ്യതക്കുറവ് മൂലം ഒഡിഷയിലെ 700 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അടയ്ക്കേണ്ട അവസ്ഥയിലെത്തി. സംസ്ഥാനത്തെ നെഗറ്റീവ് വാക്സിന്‍ വേസ്റ്റേജ് -0.5 ശതമാനമാണ്. ഏപ്രില്‍ ഏഴ് രാവിലെ 10 മണിയുടെ കണക്ക് അനുസരിച്ച് 5.34 ലക്ഷം കൊവിഷീല്‍ഡ് വാക്സിനാണ് സംസ്ഥാനത്തുള്ളത്. ഈ സ്റ്റോക്ക് ഉപയോഗിച്ച് അടുത്ത രണ്ട് ദിവസത്തേക്ക് മാത്രമാണ് വാക്സിന്‍ നല്‍കാനാവുക.

ഏപ്രില്‍ 9ന് കൊവിഷീല്‍ഡ് വാക്സിന്‍ സംസ്ഥാനത്ത് കഴിയും. സമയത്ത് രണ്ടാമത്തെ ഡോസ് വാക്സിന്‍ നല്‍കാന്‍ സാധിക്കാതെ വരുന്നത് സാഹചര്യം രൂക്ഷമാക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് നിരവധി തവണ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നുവെന്നും കത്ത് വിശദമാക്കുന്നു. രാജ്യത്ത് കൊവിഡ് വാക്സിന്‍ ഉല്‍പാദിപ്പിക്കുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദനം ഉദ്ദേശിക്കുന്ന തലത്തില്‍ എത്തുന്നില്ലെന്ന് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Scroll to load tweet…

ജനുവരി 16നാണ് രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാക്സിന്‍ മാര്‍ച്ച് മുതലാണ് സാധാരണക്കാര്‍ക്ക് ലഭ്യമായത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഹരിയാന, ആന്ധ്ര പ്രദേശ്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിനോടകം വാക്സിന്‍ ദൗര്‍ലഭ്യത്തേക്കുറിച്ച് പരാതിപ്പെട്ടിരുന്നു.