മഹാരാഷ്ട്ര: വിദേശയാത്ര നടത്തുകയോ വിദേശികളുമായി സമ്പർക്കം പുലർത്തുകയോ ചെയ്യാത്ത പൂനെ സ്വദേശിയായ സ്ത്രീക്ക് കൊവിഡ് 19 ബാധയെന്ന് സ്ഥിരീകരണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് പരിശോധനാ ഫലം പുറത്തുവിട്ടത്. ഇവർ വിദേശ യാത്ര നടത്തിയതിനോ വിദേശികളുമായി സമ്പർക്കം നടത്തിയതിനോ തെളിവുകളൊന്നുമില്ല. അതേ സമയം മാർച്ച് 3 ന് ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഇവർ നവി മുംബൈയിലെ വാഷിയിലേക്ക് യാത്ര ചെയ്തിരുന്നു.

​നാൽപത് വയസ്സുള്ള സ്ത്രീയെ പൂനെ ഭാരതി ഹോസ്പിറ്റലിൽ ​ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഓദ്യോ​ഗികവൃത്തങ്ങൾ അറിയിച്ചു. കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ  (സമൂഹ വ്യാപനം) വഴി കൊവിഡ് 19 പകർന്ന ഇന്ത്യയിലെ ആദ്യത്തെ കേസായിരിക്കാം ഇതെന്ന് ആരോ​ഗ്യപ്രവർത്തകർ അനുമാനിക്കുന്നു. “സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കോവിഡ് -19 ന് പോസിറ്റീവ് സ്ഥിരീകരിച്ചെങ്കിലും വിദേശയാത്ര നടത്തിയതായി തെളിവില്ല. ഒരുപക്ഷേ വിദേശ യാത്ര നടത്തിയ വ്യക്തിയുമായി  ഒരാളുമായി അവർ ബന്ധപ്പെട്ടിരിക്കണം, ”ജില്ലാ കളക്ടർ നേവൽ കിഷോർ റാം പറഞ്ഞു.