ദില്ലി: കൊവിഷീൽഡ് വാക്സീന്റെ വിലയിൽ വിശദീകരണവുമായി  സീറം ഇൻസ്റ്റിറ്റ്യൂട്ട്. ലോകത്താകെ സർക്കാറിന്റെ വാക്സിനേഷൻ വിതരണത്തിനായി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വാക്സിൻ നൽകാറുള്ളത്. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങൾക്കും തുടക്കത്തിൽ  കോവിഷീൽഡും കുറഞ്ഞ വിലയ്ക്ക് തന്നെയാണ് നൽകിയത്.  

എന്നാൽ നിലവിലെ ഗുരുതര സാഹചര്യത്തിൽ വാക്‌സിൻ ഉത്പാദനം ഇതേ അളവിൽ തുടർന്നുകൊണ്ടുപോകാൻ വില ഉയർത്തിയെ മതിയാകൂ എന്നും, ഒരു നിശ്ചിത അളവ് വാക്സിൻ മാത്രമേ  സ്വാകാര്യ ആശുപത്രികൾക്ക് നൽകൂ എന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട്.

അതേസമം കൊവിഷീൽഡ് വാക്സിന് പല വില ഈടാക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. രാജ്യത്ത് എല്ലാവർക്കും വാക്സീൻ ഒരേ വില ഈടാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യം പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരും ഉന്നയിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരുകൾക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലുമാണ് വാക്സീൻ നൽകാൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കേന്ദ്രസർക്കാറിന് നേരത്തെയുള്ള കരാർ പ്രകാരം 150 രൂപയ്ക്കും വാക്സീൻ ലഭ്യമാക്കുമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്.