Asianet News MalayalamAsianet News Malayalam

കൊവിഡ്: കർശന നടപടികളുമായി പൊലീസ്; നിർദ്ദേശം പാലിക്കാത്തവർക്കതിരെ ക്രിമിനൽകേസ്

ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കേരള പൊലീസ്‌ ആക്റ്റിന്‍റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി എടുക്കുക. കൊവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ്‌ കൈക്കൊളേളണ്ട നടപടികള്‍ സംബന്ധിച്ച് ഡിജിപി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

covid 19 related instructions from kerala police dgp loknath behra
Author
Thiruvananthapuram, First Published Mar 22, 2020, 3:58 PM IST


തിരുവനന്തപുരം: കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളില്‍ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്താൽ അത്തരക്കാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കേരള പൊലീസ്‌ ആക്റ്റിന്‍റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി എടുക്കുക. കൊവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ്‌ കൈക്കൊളേളണ്ട നടപടികള്‍ സംബന്ധിച്ച് ഡിജിപി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഹൃദയ സംബന്ധമായ അസുഖമുളളവര്‍, രക്താര്‍ബുദം ബാധിച്ചവര്‍ എന്നിവര്‍ നിരീക്ഷണത്തിലുണ്ടെങ്കില്‍ ആവശ്യമുളളപക്ഷം അവരെ ജില്ലാതലങ്ങളിലുളള ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കും.  ആരുടെയും സഹായമില്ലാതെ വീട്ടില്‍ തനിയെ നിരീക്ഷണത്തില്‍ കഴിയുന്നവരെയും കൂടുതല്‍ അംഗങ്ങളുളള വീടുകളില്‍ കഴിയുന്നവരെയും ആവശ്യമെങ്കില്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.  ഇങ്ങനെ മാറാന്‍ സ്വയം താല്‍പര്യം കാണിക്കുന്നവര്‍ക്കും ഈ സൗകര്യം ലഭ്യമാണ്.

അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങള്‍ തിടുക്കം കാണിക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തും.  കടകളില്‍ ഇത്തരം തിരക്കുണ്ടായാല്‍  ഉടമസ്ഥര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കണം.

പാര്‍ക്കുകള്‍, ബീച്ചുകള്‍, മാളുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കാര്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനായി പൊലീസ്‌  പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.  കടകളുടെ മുന്നിലും പൊതുഗതാഗത വാഹനങ്ങളിലും സാമൂഹിക അകലം പാലിക്കാന്‍ പൊലീസ്‌ പട്രോളിംഗ് സംഘങ്ങള്‍ ജനങ്ങളെ പ്രേരിപ്പിക്കും.  ഉത്സവങ്ങളോടനുബന്ധിച്ച് വന്‍ ജനക്കൂട്ടം രൂപപ്പെടുന്നത് തടയാന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും.

കൊവിഡ്19 മായി ബന്ധപ്പെട്ട് നിരീക്ഷണം, ചികില്‍സ, പരിശോധനകള്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്.  ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ്‌ മേധാവി ക്രമസമാധാന വിഭാഗം എ.ഡി.ജി.പി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios