വാക്സിൻ പരീക്ഷണത്തിന് രജിസ്റ്റർ ചെയ്ത രണ്ട് ലക്ഷത്തി എഴുപതിനായിരം പേരിൽ, പതിനൊന്നായിരം പേർ മാത്രമാണ് ഏഷ്യൻ വംശജർ. കറുത്ത വർഗക്കാരിൽ നിന്ന് 1,200 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തത്. 

കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിന്, ഏഷ്യൻ വംശജരിൽ നിന്ന് കൂടുതൽ പേരെ ക്ഷണിച്ച് ബ്രിട്ടൻ. രാജ്യത്ത് നടക്കുന്ന ആറ് വാക്സിൻ പരീക്ഷണങ്ങളിൽ ഏഷ്യൻ, ആഫ്രിക്കൻ വംശജരുടെ പങ്കാളിത്തം തീരെ കുറവാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നടപടി. വാക്സിൻ പരീക്ഷണത്തിന് രജിസ്റ്റർ ചെയ്ത രണ്ട് ലക്ഷത്തി എഴുപതിനായിരം പേരിൽ, പതിനൊന്നായിരം പേർ മാത്രമാണ് ഏഷ്യൻ വംശജർ. 

കറുത്ത വർഗക്കാരിൽ നിന്ന് 1,200 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കാതെയുള്ള വാക്സിൻ പരീക്ഷണം ഫലപ്രദമാകില്ലെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വാക്സിന്‍റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കേണ്ട ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ നിന്ന് മാറി നില്‍ക്കുന്നത് വാക്സിന് വിജയസാധ്യതയെ ബാധിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. വാക്സിന്‍ പരീക്ഷണം അപകടകരമാകുമെന്ന രീതിയിലെ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും വാക്സിന്‍ പരീക്ഷണം സുരക്ഷിതത്വം ഉറപ്പ് വരുത്തിയാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കൃത്യമായ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് വാക്സിന്‍ നിര്‍മ്മാണമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാവരും തങ്ങളുടെ ഭാഗം ചെയ്യണമെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നു.ബ്രിട്ടണില്‍ വെളുത്ത വര്‍ഗക്കാര്‍ക്ക് പുറമേ ഏറ്റവുമധികം കൊവിഡ് മരണം നടന്നിട്ടുള്ളത് ഏഷ്യന്‍ വംശജരിലാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.