ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അനിശ്ചിതത്വത്തില്‍ ആയതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ഇരിക്കുകയാണ് ക്രിക്കറ്റ് താരങ്ങള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌നയും ലോക്ക്ഡൗണിന് ശേഷം വീട്ടിലാണ്. ഇതിനിടെ താടിയും മുടിയുമൊക്കെ വളര്‍ന്നു. എന്നാല്‍ പുറത്തിറങ്ങാന്‍  പോലും പറ്റാത്ത അവസ്ഥയായതോടെ റെയ്‌ന ആ 'സാഹസ'ത്തിന് മുതിര്‍ന്നു. ഭാര്യ പ്രിയങ്ക ചൗധരിയുടെ സഹായത്തോടെ താടിയും മുടിയും വെട്ടി.

ചിത്രം പിന്നീട് റെയ്‌ന ട്വീറ്റ് ചെയ്യുകയും ചെയ്തു. 'ഇനിയും കാത്തിരിക്കാന്‍ വയ്യ.'' എന്നായിരുന്നു ചിത്രത്തിന്റെ അടികുറിപ്പ്. സഹായിച്ചതിന് ഭാര്യ പ്രിയങ്കയ്ക്ക് നന്ദിയും  അറിയിച്ചിട്ടുണ്ട്. പിന്നാലെ പ്രിയങ്കയുടെ മറുപടിയെത്തി. എന്റെ ഭാവി സുരക്ഷിതമാണെന്ന രസകരമായ കമന്റാണ് പ്രിയങ്ക മറുപടി നല്‍കിയത്. ട്വീറ്റ് വായിക്കാം. 

ഇന്ത്യയില്‍ മൂന്ന് ആഴ്ചത്തെ ലോക്ക്ഡൗണാണ് ആദ്യം നിശ്ചയിച്ചിരുത്. ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.