ഞെട്ടിച്ച് മുഹമ്മദ് റിസ്വാൻ! ഐസിസി വിലക്ക് മറികടന്ന് പരസ്യ പ്രതികരണം; 'ജയിച്ചത് ഗാസക്കും ഗാസ ജനതക്കും വേണ്ടി
ഈ ജയം ഗാസയിലെ ഞങ്ങളുടെ സഹോദരി-സഹോദരന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നു. വിജയത്തില്‍ ടീമിനായി സംഭാവന ചെയ്യാനായതില്‍ സന്തോഷം. വിജയത്തിന്‍റെ ക്രെഡിറ്റ് എല്ലാ ടീം അംഗങ്ങള്‍ക്കും പ്രത്യേകിച്ച് ജയം അനായാസമാക്കിയ അബ്ദുള്ള ഷഫീഖിനും ഹസന്‍ അലിക്കുമുള്ളതാണ്.

ഹൈദരാബാദ്: ലോകകപ്പില്‍ കളിക്കാര്‍ രാഷ്ട്രീ പ്രസ്താവനകള്‍ നടത്തരുതെന്ന വിലക്ക് ലംഘിച്ച് ലോകകപ്പില്‍ ഇന്നലെ ശ്രീലങ്കക്കെതിരെ പാകിസ്ഥാന്‍ നേടിയ വിജയം ഗാസയിലെ സഹോദരീ-സഹോദരന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്‌വാന്‍. എക്സ് പ്ലാറ്റ്ഫോമിലാണ് റിസ്‌വാന്‍റെ പ്രതികരണം.
ഈ ജയം ഗാസയിലെ ഞങ്ങളുടെ സഹോദരി-സഹോദരന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നു. വിജയത്തില്‍ ടീമിനായി സംഭാവന ചെയ്യാനായതില്‍ സന്തോഷം. വിജയത്തിന്‍റെ ക്രെഡിറ്റ് എല്ലാ ടീം അംഗങ്ങള്‍ക്കും പ്രത്യേകിച്ച് ജയം അനായാസമാക്കിയ അബ്ദുള്ള ഷഫീഖിനും ഹസന്‍ അലിക്കുമുള്ളതാണ്. ഹൈദരാബാദില്‍ ആരാധകര്‍ നല്‍കിയ സ്വീകരണത്തിനും പിന്തുണക്കും നന്ദി എന്നായിരുന്നു റിസ്‌വാന്‍ എക്സില്‍ പോസ്റ്റ് ചെയ്തത്.
ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ 345 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് തുടക്കത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റേത് ഉള്‍പ്പെടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സെഞ്ചുറികളുമായി അബ്ദുള്ള ഷഫീഖും മുഹമ്മദ് റിസ്‌വാനും പാകിസ്ഥാന് അനായാസ ജയം സമ്മാനിച്ചിരുന്നു. 121 പന്തില്‍ 131 റണ്‍സുമായി പുറത്താകാതെ നിന്ന റിസ്‌വാന്‍ കടുത്ത പേശിവലിവിനെ അതിജീവിച്ചാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും റിസ്‌വാനായിരുന്നു.
മുഹമ്മദ് റിസ്‌വാന്‍ പരിക്ക് അഭിനയിച്ചതോ, എങ്കില്‍ പാക് താരത്തിന് ഓസ്കര്‍ കൊടുക്കണമെന്ന് ആരാധകര്‍
ഐസിസി ടൂര്‍ണെമന്‍റുകളില്‍ കളിക്കാര്‍ രാഷ്ട്രീയ പ്രസ്താവന നടത്തുന്നതിന് വിലക്കുണ്ട്. ഇതിനിടെയാണ് റിസ്‌വാന്‍ ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ പരസ്യമായി നിലപാടെടുത്ത് രംഗത്തെത്തിയത്. അഞ്ച് ദിവസമായി തുടരുന്ന ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തില്‍ ഇസ്രായേലിൽ 123 സൈനികർ അടക്കം 1200 പേരും ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേൽ വ്യോമസേനയുടെ ബോംബാംക്രമണം തുടരുകയാണ്. 200 കേന്ദ്രങ്ങളിലാണ് ഇന്നലെ രാത്രി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്.
Powered by Emami
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക