ദുബായ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2021ല്‍ നടക്കുന്നതോടെ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ആരാധകര്‍ക്ക് കുട്ടിക്രിക്കറ്റിന്റെ ലോകകപ്പ് ആഘോഷിക്കാം. 2021ല്‍ ഇന്ത്യയും 2022ല്‍ ഓസ്‌ട്രേലിയയുമാണ് ആതിഥേയ രാജ്യങ്ങള്‍. 
2021ലെ ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കും. നേരത്തെ ഇന്ത്യയില്‍ തന്നെയാണ് നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശയകുഴപ്പം നിലനിന്നിരുന്നു. അതേസമയം ഈ ഒക്ടോബറില്‍ ഓസ്ട്രേലിയ വേദിയാവേണ്ട ടി20 ലോകകപ്പ് 2022ലേക്ക് മാറ്റി. ഓസ്ട്രേലിയ തന്നെയാണ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുക. ബിസിസിഐ ഇന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മാത്രമല്ല 2023 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ഈവര്‍ഷത്തെ ടി20 ലോകകപ്പ് മാറ്റിവെക്കാന്‍ തീരുമാനമായത്. വരാനിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലും മാറ്റമുണ്ടാവില്ല. കൊറോണക്കാലത്ത് ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പരയായിരിക്കുമത്. ഈ വര്‍ഷം ഇനി ഒരു ഐസിസി ടൂര്‍ണമെന്റുകളും നടക്കില്ല. ഓസ്ട്രേലിയയില്‍ നടന്ന ടി20 വനിത ലോകകപ്പാണ് ഈ വര്‍ഷം പൂര്‍ത്തിയാക്കിയ ഏക ഐസിസി ടൂര്‍ണമെന്റ്.

2016ലാണ് അവസാനമായി ടി20 ലോകകപ്പ് നടന്നത് അന്ന് വെസ്റ്റ് ഇന്‍ഡീസ് ആയിരുന്നു ചാംപ്യന്മാര്‍. അന്നും ഇന്ത്യ തന്നെയായിരുന്നു ലോകകപ്പിന്റെ വേദി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെയാണ് വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുത്തിയത്.