ആദ്യ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ ജപ്പാന്‍ പ്രതിരോധത്തിലായപ്പോള്‍ ഇടംകൈയന്‍ ബാറ്ററായ അലക്സാണ്ടര്‍ ഷിറായിക്കെതിരെ അക്സര്‍ എറിഞ്ഞ മൂന്നാം പന്ത് അമ്പയര്‍ വൈഡ് വിളിച്ചു.

ടോക്കിയോ: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി നടന്ന ജപ്പാനെതിരായ ഏക ടി20 മത്സരത്തില്‍ ഇന്ത്യയുടെ നേരിയ വിജയത്തില്‍ നിര്‍ണായകമായത് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും അക്സര്‍ പട്ടേലിന്‍റെയും അവസാന ഓവറിലെ നിര്‍ണായക ഇടപെടല്‍. മഴമൂലം അ‌ഞ്ചോവര്‍ വീതമായി വെട്ടിക്കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 32 റണ്‍സില്‍ പിടിച്ചുകെട്ടിജപ്പാന്‍ ഞെട്ടിച്ചിരുന്നു. സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ കിട്ടിയ പിച്ചില്‍ അക്സര്‍ പട്ടേലിലും വാഷിംഗ്ടണ്‍ സുന്ദറിലും രവി ബിഷ്ണോയിയലുമായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ.

അക്സര്‍ പട്ടേല്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത ജപ്പാന്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 6 റണ്‍സ് കൂടി നേടി. രവി ബിഷ്ണോയ് എറിഞ്ഞ മൂന്നാം ഓവറില്‍ 10 റണ്‍സ് കൂടി അടിച്ചതോടെ ജപ്പാന്‍ അട്ടിമറി വിജയം മണത്തു. അവസാന രണ്ടോവറില്‍ 15 റണ്‍സായിരുന്നു ജപ്പാന് വേണ്ടിയിരുന്നത്. നാലാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും 7 റണ്‍സ് കൂടി നേടിയ ജപ്പാന്‍ ലക്ഷ്യം അവസാന ഓവറില്‍ 8 റണ്‍സാക്കി.

ഇന്ത്യയെ ചരിത്ര തോൽവിയിൽ നിന്നും രക്ഷിക്കാൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പന്ത് അക്സർ പട്ടേലിന് കൈമാറി. ആദ്യ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ ജപ്പാന്‍ പ്രതിരോധത്തിലായപ്പോള്‍ ഇടംകൈയന്‍ ബാറ്ററായ അലക്സാണ്ടര്‍ ഷിറായിക്കെതിരെ അക്സര്‍ എറിഞ്ഞ മൂന്നാം പന്ത് അമ്പയര്‍ വൈഡ് വിളിച്ചു. പിന്നീട് വീണ്ടുമെറിഞ്ഞ മൂന്നാം പന്തും അലക്സാണ്ടറുടെ ലെഗ് സ്റ്റംപ് ലൈനിന് പുറത്തായിരുന്നു. എന്നാല്‍ പന്തില്‍ സ്വിച്ച് ഹിറ്റിന് അലക്സാണ്ടര്‍ ശ്രമിച്ചെങ്കിലും കണക്ടായില്ല. ഇതോടെ അമ്പയര്‍ വീണ്ടും വൈഡ് വിളിച്ചു. ജപ്പാന് ജയിക്കാൻ 4 പന്തിൽ 6 റൺസ് വേണമെന്നിരിക്കെ അമ്പയര്‍ വീണ്ടും വൈഡ് വിളിച്ചതോടെ ജപ്പാനീസ് ബാറ്റര്‍ സ്വിച്ച് ഹിറ്റ് ചെയ്യാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടി നായകന്‍ ശ്രേസയ് അയ്യര്‍ അമ്പയര്‍മാരോട് തര്‍ക്കിച്ചു. ബാറ്റർ സ്വിച്ച് ഷാട്ടിന് ശ്രമിച്ചതിനാലാണ് താൻ ലൈൻ മാറ്റിയതെന്ന് അക്സറും വാദിച്ചു.

Scroll to load tweet…

ഡിആർഎസ് സംവിധാനം ഇല്ലാതിരുന്ന മത്സരത്തിൽ അമ്പയർമാർ തമ്മിൽ നടത്തിയ ദീർഘനേരത്തെ ചർച്ചയ്ക്കൊടുവിൽ തീരുമാനം തിരുത്തുകയും അത് വൈഡല്ലെന്ന് അമ്പയര്‍ വിധിക്കുകയും ചെയ്തു. തൊട്ടടുത്ത പന്തുകളിൽ കൃത്യതയോടെ പന്തെറിഞ്ഞ അക്സർ പട്ടേൽ 3 റണ്‍സ് മാത്രം വഴങ്ങി ഇന്ത്യക്ക് 2 റൺസിന്‍റെ ആവേശ ജയം സമ്മാനിച്ചു. ആ പന്ത് വൈഡായിരുന്നെങ്കില്‍ ജപ്പാന്‍റെ ലക്ഷ്യം 4 പന്തില്‍ 5 റണ്‍സാവുമായിരുന്നു. 2024-ൽ സിംബാബ്‌വെയോടും ഈയിടെ അയർലൻഡിനോടും തോറ്റ ഇന്ത്യക്ക്, ലോക റാങ്കിങ്ങിൽ 41-ാം സ്ഥാനത്തുള്ള ജപ്പാനോട് തോൽക്കാതിരുന്നത് വലിയ ആശ്വാസമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക