പ്രധാനമായും മൂന്ന് ചോദ്യങ്ങള്‍ക്കാണ് ഉപദേശക സിമിതി ഗംഭീറിനോടും രാമനോടും ഉത്തരം തേടിയതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റേവ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനാവാനുള്ള അഭിമുഖത്തില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറിനോടും ഡബ്ല്യു വി രാമനോടും ബിസിസിഐ ഉപദേശക സമിതി പ്രധാനമായും ചോദിച്ചത് മൂന്ന് ചോദ്യങ്ങള്‍. ഇന്നലെയാണ് ഗംഭീറും രാമനും ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ അശോക് മല്‍ഹോത്ര, സുലക്ഷണ നായിക്ക്, ജതിൻ പരഞ്ജ്പെ എന്നിവര്‍ക്ക് മുമ്പാകെ സൂം കോളില്‍ അഭിമുഖത്തിന് എത്തിയത്. ആദ്യം ഗംഭീറിനെയും പിന്നീട് രാമനെയും ഉപദേശക സമിതി അഭിമുഖം നടത്തി. ഇന്ന് രണ്ടാം റൗണ്ട് അഭിമുഖം കൂടി നടത്തിയഷേശമാകും ഉപദേശക സമിതി പരിശീലകന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമായും മൂന്ന് ചോദ്യങ്ങള്‍ക്കാണ് ഉപദേശക സിമിതി ഗംഭീറിനോടും രാമനോടും ഉത്തരം തേടിയതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റേവ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.
1-കോച്ചിംഗ് സ്റ്റാഫ് അംഗങ്ങളായി ആരെയൊക്കെയാണ് നിര്‍ദേശിക്കുന്നത്.
2-ഇന്ത്യൻ ടീമിലെ ചില താരങ്ങള്‍ കരിയറിന്‍റെ അവസാന ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ടീമിലെ തലമുറ മാറ്റത്തിനായി മുന്നോട്ടുവെക്കുന്ന പ്രധാന നിര്‍ദേശങ്ങൾ എന്തൊക്കെയാണ്. ടീമിന്‍റെ ഈപരിവര്‍ത്തന ഘട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യും.
3-മൂന്ന് ഫോര്‍മാറ്റിനും മൂന്ന് വ്യത്യസ്ത ടീമുകളും മൂന്ന് ക്യാപ്റ്റന്‍മാരും എന്ന നിര്‍ദേശത്തെ എങ്ങനെ കാണുന്നു. കളിക്കാരുടെ ജോലിഭാരം കുറക്കാനും പരിക്കുകള്‍ മറികടക്കാനും ഇത് എത്രമാത്രം പ്രായോഗികമാണ്. ഐസിസി ചാമ്പ്യന്‍ഷിപ്പുകളിലെ കിരീട വരള്‍ച്ച മറികടക്കാന്‍ എന്തൊക്കെയാണ് ചെയ്യാനുദ്ദേശിക്കുന്നത്.
ഗംഭീറും രാമനും തങ്ങളുടെ നിര്‍ദേശങ്ങള്‍ ബിസിസിഐ ഉപദേശക സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചുവെന്നും ഇന്ന് നടക്കുന്ന രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്കുശേഷം പരിശീലകന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2027ലെ ഏകദിന ലോകകപ്പ് വരെ മൂന്നര വര്‍ഷമായിരിക്കും പുതിയ പരിശീലകന്‍റെ കാലവാധി. സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെ നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം തരണമെന്ന് ഗൗതം ഗംഭീര്‍ ബിസിസിഐക്ക് മുമ്പാകെ ഉപാധിവെച്ചിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫീല്‍ഡിംഗ് കോച്ച് ആയി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജോണ്ടി റോഡ്സിനെ ലഭിക്കുമോ എന്നും ഗംഭീര്‍ ആരാഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഏതാണ്ട് 40 മിനുറ്റോളം നീണ്ട പ്രസന്‍റേഷനാണ് രാമന്‍ ഉപദേശക സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ടി20 ലോകകപ്പോടെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കും. ഈ മാസം അവസാനത്തോടെയാകും ബിസിസിഐ പുതിയ പരിശീലകനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നാണ് റിപ്പോര്‍ട്ട്.
