ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന ഇന്ത്യ 'എ' ടീമിന്‍റെ ശ്രീലങ്കൻ പര്യടനത്തിലെ മിന്നും പ്രകടനമാണ് സാരാൻഷിന്‍റെ ടീമിലേക്കുള്ള വഴി എളുപ്പമാക്കിയത്.

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചപ്പോൾ ആരാധകരെ അമ്പരപ്പിച്ച പേരായിരുന്നു സാരാൻഷ് ജെയിനിന്‍റേത്. ആഭ്യന്തര ക്രിക്കറ്റിൽ ഒരു ദശാബ്ദത്തിലേറെ നീണ്ട കഠിനാധ്വാനത്തിനും സ്ഥിരതയാർന്ന പ്രകടനങ്ങൾക്കുമുള്ള അർഹിച്ച അംഗീകാരമായാണ് 33-കാരനായ ഈ മധ്യപ്രദേശ് ഓൾറൗണ്ടർക്ക് ഇന്ത്യൻ ടീമിലേക്ക് വിളി വന്നത്. പരിക്കിൽ നിന്ന് മുക്തനായി വരുന്ന വാഷിങ്ടൺ സുന്ദറിന്‍റെ ഫിറ്റ്‌നസ് കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വലങ്കയ്യൻ ഓഫ് സ്പിന്നറും ലോവര്‍ ഓര്‍ഡറില്‍ മികച്ച ബാറ്ററുമായ സാരാൻഷിന് ടെസ്റ്റ് ടീമിലേക്ക് വഴിതുറന്നത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ എന്നീ ഇടങ്കയ്യൻ സ്പിന്നർമാർക്ക് കൂട്ടായി ഒരു സ്പെഷ്യലിസ്റ്റ് റൈറ്റ് ആം ഫിംഗർ സ്പിന്നറെ തേടിയ സെലക്ടർമാർക്ക് ജെയിനിന്‍റെ മികവ് അവഗണിക്കാനായില്ല.

Scroll to load tweet…

ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന ഇന്ത്യ 'എ' ടീമിന്‍റെ ശ്രീലങ്കൻ പര്യടനത്തിലെ മിന്നും പ്രകടനമാണ് സാരാൻഷിന്‍റെ ടീമിലേക്കുള്ള വഴി എളുപ്പമാക്കിയത്. രണ്ട് മത്സരങ്ങളിൽ നിന്നായി 6 വിക്കറ്റുകൾ വീഴ്ത്തിയ സാരാൻഷ് പുറത്താകാതെ 70 റൺസും നേടിയിരുന്നു. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് സമാനമായ സാഹചര്യങ്ങളില്‍ സാരാൻഷ് പുറത്തെടുത്ത ഓൾറൗണ്ട് മികവാണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്ക് സാരാൻഷിനെ ടീമിലെടുക്കാൻ ആത്മവിശ്വാസം നൽകിയത്. ഗാലെയിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ പ്ലെയിംഗ് ഇലവനിൽ ഇടം നേടിയാൽ, 2021-ൽ വാഷിങ്ടൺ സുന്ദറിന് ശേഷം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന ആദ്യ സ്പെഷ്യലിസ്റ്റ് ഓഫ് സ്പിന്നറായി സാരാൻഷ് ജെയിൻ മാറും.

Scroll to load tweet…

ഇൻഡോറിൽ ജനിച്ച സാരാൻഷ് 2014-15 സീസണിലാണ് മധ്യപ്രദേശിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ കളിച്ച 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 31.75 ശരാശരിയിൽ 2,000-ലധികം റൺസും 27.30 ശരാശരിയിൽ 188 വിക്കറ്റുകളും നേടി ടീമിന്‍റെ വിശ്വസ്തനായ ഓൾറൗണ്ടറായി സാരാൻഷ് മാറി. രഞ്ജി ട്രോഫി കളിച്ച മധ്യപ്രദേശ് മുൻ താരം സുബോധ് ജെയിനാണ് സാരൻഷിന്‍റെ പിതാവ്. 2021-22 രഞ്ജി ട്രോഫി സീസണില്‍ മധ്യപ്രദേശ് ആദ്യമായി രഞ്ജി കിരീടം ചൂടിയപ്പോൾ ഫൈനലിൽ മുംബൈയ്‌ക്കെതിരെ നിർണായകമായ 57 റൺസുമായി സാരാൻഷ് തിളങ്ങി. തൊട്ടടുത്ത സീസണിൽ 360 റൺസും 35 വിക്കറ്റും നേടി ടൂർണമെന്‍റിലെ മികച്ച ഓൾറൗണ്ടർക്കുള്ള 'ലാലാ അമർനാഥ് പുരസ്കാരം' സ്വന്തമാക്കി. 2023-24 സീസണിൽ 57.55 ശരാശരിയിൽ 518 റൺസും 20.43 ശരാശരിയിൽ 30 വിക്കറ്റുകളും വാരിക്കൂട്ടി. 2025 ദുലീപ് ട്രോഫിയിൽ സെൻട്രൽ സോണിനെ കിരീടത്തിലേക്ക് നയിച്ച താരം 16 വിക്കറ്റുകളോടെ 'പ്ലെയർ ഓഫ് ദി സീരീസ്' ആയി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക