കൊല്‍ക്കത്ത: വിരാട് കോലിയുടെ ടെസ്റ്റ് ടീമില്‍ നിന്ന് അഞ്ചുപേരെ തന്റെ ടീമിലേക്ക് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളായ സൗരവ് ഗാംഗുലി ആരെയൊക്കെ തെരഞ്ഞെടുക്കും. ചോദ്യം, ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ കൂടിയായ മായങ്ക് അഗര്‍വാളിന്റേതാണ്. ഗാംഗുലിയുമായുള്ള വീഡിയോ സംഭാഷണത്തിനിടെയാണ് മായങ്ക്, ഗാംഗുലിയെ കുഴക്കുന്ന ചോദ്യവുമായി എത്തിയത്.

മായങ്കിന്റെ ചോദ്യം അല്‍പ്പം കുഴപ്പിക്കുന്നതാണെന്ന് ഗാംഗുലി ആദ്യമേ മറുപടി നല്‍കി. ഓരോ തലമുറയിലെയും താരങ്ങള്‍ വ്യത്യസ്തരാണ്. അവര്‍ നേരിടുന്ന വെല്ലുവിളികളും. എങ്കിലും തന്റെ ടീമിലേക്ക് വേണ്ട അഞ്ചുപേര്‍ ആരൊക്കെയാണെന്ന് ഗാംഗുലി വ്യക്തമാക്കി. നായകന്‍ വിരാട് കോലിയെ ആണ് ഗാംഗുലി ആദ്യ പേരുകാരനായി തെരഞ്ഞെടുത്തത്. രോഹിത് ശര്‍മയാണ് രണ്ടാമത്തെ താരം. സെവാഗ് ഓപ്പണറായി ഉള്ളതിനാല്‍ മായങ്കിനെ താന്‍ ഓപ്പണറായി തെരഞ്ഞെടുക്കില്ലെന്നും പകരം മൂന്നാം ഓപ്പണറായി പരിഗണിക്കാമെന്നും ഗാംഗുലി പറഞ്ഞു.

ജസ്പ്രീത് ബുമ്രയെയാണ് ഗാംഗുലി മൂന്നാമതായി തെരഞ്ഞെടുത്തത്. സഹീര്‍ ഖാന് പറ്റിയ പങ്കാളിയാവും ബുമ്രയെന്ന് ഗാംഗുലി പറഞ്ഞു.ജവഗല്‍ ശ്രീനാഥ് ന വിരമിച്ചാല്‍ മുഹമ്മദ് ഷമിയെയും തന്റെ ടീമിലെടുക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. സ്പിന്നര്‍മാരായി ഹര്‍ഭജനും കുംബ്ലെയും ഉള്ളതിനാല്‍ അശ്വിനെ മൂന്നാം സ്പിന്നറായി മാത്രമെ പരിഗണിക്കൂവെന്നും ഗാംഗുലി പറഞ്ഞു.

ഇവര്‍ക്ക് പുറമെ രവീന്ദ്ര ജഡേജയെയും തീര്‍ച്ചയായും തന്റെ ടെസ്റ്റ് ടീമിലെടുക്കാന്‍ ഇടയുണ്ടെന്നും ഗാംഗുലി പറഞ്ഞു. നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, ഇഷാന്ത് ശര്‍മ എന്നിവരെ ഗാംഗുലി തന്റെ ടീമിലേക്ക് പരിഗണിച്ചില്ല.

നേരത്തെ ഇതേ പരിപാടിയില്‍ 2003ലെ ഏകദിന ലോകകപ്പ് കളിച്ച ടീമിലേക്ക് ആരെയാകും നിലവിലെ ടീമില്‍ നിന്ന് തെരഞ്ഞെടുക്കുകയെന്ന് മായങ്ക് ചോദിച്ചിരുന്നു. വിരാട് കോലിയെയും രോഹിത് ശര്‍മയെയും ജസ്പ്രീത് ബുമ്രെയയുമായിരുന്നു ഗാംഗുലി ഏകദിന ടീമിലേക്ക് തെരഞ്ഞെടുത്തത്. നാലാമതൊരാളെ തെരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ എം എസ് ധോണിയെയും ഇനിയുമൊരാളെകൂടി ഉള്‍പ്പെടുത്താന്‍ പറ്റിയാല്‍ രവീന്ദ്ര ജഡേജയെയും താന്‍ ടീമിലെടുക്കുമെന്നും ഗാംഗുലി പറഞ്ഞിരുന്നു.