കിംഗ്‌സ്റ്റണ്‍: കിംഗ്‌സ്റ്റണ്‍ ടെസ്റ്റിലെ ഹാട്രിക്കിലുള്ള സന്തോഷം ആരാധകരെയറിയിച്ച് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര. 'മറക്കാനാവാത്ത ദിനം' എന്നാണ് അല്‍പം മുന്‍പ് ബുമ്രയുടെ ട്വീറ്റ്. വിന്‍ഡീസ് ഇന്നിംഗ്‌സിലെ ഒന്‍പതാം ഓവറില്‍ ഡാരന്‍ ബ്രാവോ, ബ്രൂക്ക്സ്, ചെയ്സ് എന്നിവരെ മടക്കിയാണ് ബുമ്ര ടെസ്റ്റ് ഹാട്രിക് നേടുന്ന മൂന്നാം ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയത്. ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി മുന്‍പ് ടെസ്റ്റില്‍ ഹാട്രിക്ക് നേടിയിട്ടുള്ളത്.

കിംഗ്‌സ്റ്റണില്‍ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ഒന്നാം ഇന്നിംഗ്സില്‍ 416 റണ്‍സില്‍ പുറത്തായപ്പോള്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ(225 പന്തില്‍ 111 റണ്‍സ്) ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിയത്. വാലറ്റത്ത് 57 റണ്‍സുമായി ഇശാന്ത് ശര്‍മ വിഹാരിക്ക് മികച്ച പിന്തുണ നല്‍കി. നായകന്‍ വിരാട് കോലി 76ഉം മായങ്ക് അഗര്‍വാള്‍ 55ഉം റണ്‍സ് നേടി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയില്‍ ഏറ്റവും തിളങ്ങിയത്.

ബുമ്ര എക്‌സ്‌പ്രസിന് മുന്നില്‍ കാലിടറിയ വിന്‍ഡീസ് രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലാണ്. ഹാമില്‍ട്ടണും(2) കോണ്‍വാളുമാണ്(4) ക്രീസില്‍. വിൻഡീസ് ഫോളോ ഓൺ ഭീഷണിയിലാണ്. 34 റണ്‍സ് നേടിയ ഹെറ്റ്‌മെയറാണ് ടോപ് സ്‌കോറര്‍. നാല് ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് രണ്ടക്കം കാണാനായില്ല. 9.1 ഓവറില്‍ 16 റണ്‍സ് വഴങ്ങി ബുമ്ര ആറ് വിക്കറ്റ് കൊയ്‌തപ്പോള്‍ ഷമിക്കാണ് ഒരു വിക്കറ്റ്.