മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയെയോ എം എസ് ധോണിയെയോ വാതുവെപ്പുകാര്‍ ഒരിക്കലും സമീപിക്കില്ലെന്ന് ബിസിസിഐ അഴിമതി വിരുദ്ധ സമിതി തലവന്‍ അജിത് സിംഗ്. ധോണിയെയോ കോലിയെയോ സമീപിച്ച് ഒരിക്കലും അവര്‍ സമയം പാഴാക്കില്ലെന്നും അജിത് സിംഗ് വ്യക്തമാക്കി. തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഒത്തുകളി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അജിത് സിംഗിന്റെ പ്രതികരണം.

യുവതാരങ്ങളെയോ രാജ്യാന്തര ക്രിക്കറ്റില്‍ ശോഭിക്കാന്‍ കഴിയാത്തവരെയോ മാത്രമെ വാതുവെപ്പുകാര്‍ സമീപിക്കാന്‍ സാധ്യതയുള്ളു. കാരണം എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയില്ല. ഇന്നത്തെക്കാലത്ത് ഒത്തുകളിക്ക് കൂട്ടുനില്‍ക്കുന്ന കളിക്കാരന് നഷ്ടപ്പെടാന്‍ ഏറെയുണ്ട്. പണം മാത്രമല്ല, കളിക്കാരനെന്ന നിലയില്‍ ആര്‍ജ്ജിച്ച അംഗീകാരവും നഷ്ടമാവും. അതുകൊണ്ടുതന്നെ ധോണിയുടെയോ കോലിയുടെതോ പോലുള്ള കളിക്കാരെ സമീപിച്ച് വാതുവെപ്പുകാര്‍ ഒരിക്കലും സമയം പാഴാക്കില്ല.

കാരണം കളിക്കാരനെന്ന നിലയില്‍ ഇത്രയും കാലംകൊണ്ട് സ്വന്തമാക്കിയ അംഗീകാരം നഷ്ടമാക്കാന്‍ അവര്‍ ആഗ്രഹിക്കില്ല. ഈ അംഗീകാരം കൊണ്ടാണ് വലിയ വലിയ പരസ്യക്കരാറുകളുടെ ഭാഗമാവാന്‍ അവര്‍ക്ക് സാധിക്കുന്നത്. ഒത്തുകളിക്ക് കൂട്ടുനിന്നാല്‍ ഇതിലൂടെ ഇപ്പോള്‍ ലഭിക്കുന്ന പണത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണ് ലഭിക്കുക. കളിക്കാരെ സമീപിക്കാനായില്ലെങ്കില്‍ വാതുവെപ്പുകാര്‍ ഇപ്പോള്‍ സ്വന്തം നിലയില്‍ ടൂര്‍ണമെന്റ് തുടങ്ങുന്ന രീതിയുണ്ട്. പുതിയ രാജ്യങ്ങളില്‍ പുതിയ പേരുകളില്‍ ലീഗുകള്‍ തുടങ്ങിയാണ് വാതുവെപ്പുകാര്‍ ഒത്തുകളി നടത്തുന്നതെന്നും അജിത് സിംഗ് വ്യക്തമാക്കി.