അഫ്‌ഗാനിസ്ഥാനെതിരെ കഴിഞ്ഞ രണ്ട് ടി20കളിലും സഞ്ജുവിനെ മറികടന്ന് ജിതേഷ് ശര്‍മ്മയ്ക്കാണ് ടീം ഇന്ത്യ അവസരം നല്‍കിയത്

ബെംഗളൂരു: അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20ക്ക് ടീം ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിലാണ്. ട്വന്‍റി 20 ലോകകപ്പിന് മുമ്പ് നടക്കുന്ന ടീം ഇന്ത്യയുടെ അവസാന ടി20 മത്സരത്തില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലുണ്ടാവും എന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകര്‍. മലയാളികള്‍ മാത്രമല്ല, സഞ്ജുവിന്‍റെ അഗ്രസീവ് ബാറ്റിംഗിനെ സ്നേഹിക്കുന്നവരെല്ലാം താരത്തിന് ടീം ഇന്ത്യ ഇന്ന് അവസരം നല്‍കണം എന്ന് വാദിക്കുന്നു. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമാണ് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്രയുടെ നിലപാട്. 

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്ത് സഞ്ജു സാംസണിന് പകരം ജിതേഷ് ശര്‍മ്മ തന്നെയാണ് വരേണ്ടത് എന്നാണ് ആകാശ് ചോപ്രയുടെ വാദം. 'ജിതേഷ് ശര്‍മ്മ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരുന്നെങ്കില്‍ അദേഹത്തിന്‍റെ പേരിന് മുന്നില്‍ ഒരു ചോദ്യചിഹ്നത്തിന്‍റെ ആവശ്യമേ ഇല്ല. ജിതേഷ് സ്വാഭാവികമായും ലോകകപ്പ് കളിക്കുമായിരുന്നു. ജിതേഷ് സ്ഥാനം ഉറപ്പിക്കാത്ത് കൊണ്ടുമാത്രമാണ് സഞ്ജുവിനെ കുറിച്ച് നമ്മള്‍ ചിന്തിക്കുന്നത്. എന്നാല്‍ സഞ്ജു സാംസണിന്‍റെ പ്രകടനം പരിശോധിക്കാനായിരുന്നെങ്കില്‍ മൂന്ന് മത്സരങ്ങളിലും സഞ്ജുവിനെ കളിപ്പിക്കണമായിരുന്നു. ഒറ്റ മത്സരം കൊണ്ട് ഒരു താരത്തെയും അളക്കാനാവില്ല, സഞ്ജു കരിയറിലുടനീളം നേരിട്ട പ്രശ്നമാണിത്' എന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

അഫ്‌ഗാനിസ്ഥാനെതിരെ കഴിഞ്ഞ രണ്ട് ടി20കളിലും സഞ്ജുവിനെ മറികടന്ന് ജിതേഷ് ശര്‍മ്മയ്ക്കാണ് ടീം ഇന്ത്യ അവസരം നല്‍കിയത്. ആദ്യ ട്വന്‍റി 20യില്‍ അഫ്ഗാനെതിരെ 20 പന്തില്‍ 31 റണ്‍സുമായി ജിതേഷ് തിളങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ പൂജ്യത്തില്‍ പുറത്തായിരുന്നു. എങ്കിലും ജിതേഷിന് മറ്റൊരു അവസരം കൂടി നല്‍കേണ്ടതുണ്ട് എന്ന് ചോപ്ര വ്യക്തമാക്കി. 

'അഫ്‌ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയിലെ കണ്ടെത്തല്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ്. ദുബെയെ നാലാം നമ്പറില്‍ കളിപ്പിക്കാം. റിങ്കു സിംഗിന് അധികം പന്തുകള്‍ നേരിടാനുള്ള അവസരം ലഭിച്ചിട്ടില്ല എന്നതിനാല്‍ തിലക് വര്‍മ്മയ്ക്ക് ആ സ്ഥാനത്ത് അവസരം നല്‍കുക പ്രായോഗികമല്ല' എന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. അഫ്‌ഗാനെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ ഇതിനകം സീരീസ് സ്വന്തമാക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ അവസാന മത്സരത്തില്‍ വിജയിച്ചില്‍ ടീം ഇന്ത്യ പരമ്പര 3-0ന് തൂത്തുവാരാം. 

Read more: ഇന്ന് തിളങ്ങിയില്ലെങ്കില്‍ പിന്നെ ലോകകപ്പ് മറക്കാം; അഫ്ഗാനെതിരായ അവസാന ടി20 സഞ്ജുവിന് ജീവന്‍മരണപ്പോരാട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം