മലയാളി താരം കരുണ്‍ നായരാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ.ഐപിഎല്ലില്‍ ആര്‍സിബി താരമായ ദേവ്ദത്ത് പടിക്കലും കര്‍ണാടക ടീമിലുണ്ട്.

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിക്കുള്ള കര്‍ണാടക ടീമില്‍ തിരിച്ചെത്തി ഇന്ത്യൻ താരങ്ങളായ കെ എല്‍ രാഹുലും പ്രസിദ്ധ് കൃഷ്ണയും. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ചതിനുശേഷമാണ് രാഹുലും പ്രസിദ്ധും ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ ഒരുങ്ങുന്നത്. ജനുവരി 24 മുതലാണ് ടൂര്‍ണമെന്‍റ് തുടങ്ങുന്നത്. മായങ്ക് അഗര്‍വാളാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ മായങ്കിനെ ആരും ടീമിലെടുത്തിരുന്നില്ല.

മലയാളി താരം കരുണ്‍ നായരാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ.ഐപിഎല്ലില്‍ ആര്‍സിബി താരമായ ദേവ്ദത്ത് പടിക്കലും കര്‍ണാടക ടീമിലുണ്ട്. ദേശീയ താരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് രാഹുലിനെയും പ്രസിദ്ധിനെയും ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരെക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്.

ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച ഇന്ത്യൻ താരങ്ങളായ വിരാട് കോലി ഡല്‍ഹിക്കായും രോഹിത് ശര്‍മ മുംബൈക്കായും വിജയ് ഹസാരെയില്‍ കളിക്കുന്നുണ്ട്. 2010നുശേഷം ആദ്യമായാണ് ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ റണ്‍വേട്ടക്കാരനായ കോലി വിജയ് ഹസാരെയില്‍ ഡല്‍ഹിക്കായി കളിക്കാന്‍ തയാറെടുക്കുന്നത്. ജാര്‍ഖണ്ഡ്, കേരളം, തമിഴ്നാട്, ത്രിപുര, രാജസഥാന്‍, മധ്യപ്രദേശ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കര്‍ണാടക. അഹമ്മദാബാദിലാണ് കര്‍ണാടക ലീഗ് മത്സരങ്ങളെല്ലാം കളിക്കുക.

വിജയ് ഹസാരെക്കുള്ള കർണാടക ടീം: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, കരുൺ നായർ (വൈസ് ക്യാപ്റ്റൻ), ആർ സ്മരൺ, കെ എൽ ശ്രീജിത്ത്, അഭിനവ് മനോഹർ, ശ്രേയസ് ഗോപാൽ, വൈശാഖ് വിജയകുമാർ, എൽ മൻവന്ത് കുമാർ, ശ്രീഷ എസ് ആചാർ, അഭിലാഷ് ഷെട്ടി, ബിആർ ശരത്, ഹർഷിത് ധര്‍മാനി, ധ്രുവ് പ്രഭാകർ, കെ എല്‍ രാഹുല്‍, പ്രസിദ്ധ് കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക