ദില്ലി: സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ആര്‍സിബിക്ക് ഇത്തവണ കിരീടം നേടാന്‍ സാധിക്കാതിരുന്നത് ആരാധകരെ ഏറെ നിരാശാക്കിയിരുന്നു. വിരാട് കോലി, ആരോണ്‍ ഫിഞ്ച്, എബി ഡിവില്ലിയേഴ്‌സ്, ഡെയ്ല്‍ സ്റ്റെയ്്ന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിങ്ങനെ പോകുന്നു സൂപ്പര്‍ താരങ്ങളുടെ നിര. ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ആരോണ്‍ ഫിഞ്ചായിരുന്നു ആര്‍സിബിയുടെ ഓപ്പണര്‍. പലപ്പഴും അദ്ദേഹം പരാജയപ്പെടുന്ന കാഴ്ച്ചയാണ് കണ്ടത്. മികച്ച തുടക്കം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 

ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആര്‍സിബിയില്‍ ഏറ്റവും വലിയ പരാജയം ഫിഞ്ചായിരുന്നുവെന്നാണ് ചോപ്ര പറയുന്നത്. ''മുംബൈ ഇന്ത്യന്‍സിനായി ക്വിന്റണ്‍ ഡികോക്കും കിങ്സ് ഇലവന്‍ പഞ്ചാബിനായി കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും നടത്തിയതു പോലൊരു പ്രകടനമാണ് ആര്‍സിബി ഫിഞ്ചില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്. ദേവ്ദത്ത് പടിക്കലിനൊപ്പം ഫിഞ്ചും മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കില്‍ കോലിക്കും ഡിവില്ലിയേഴ്‌സിനും സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം പരാജയപ്പെട്ടു. കോടികള്‍ ചെലവിട്ടാണ് ആര്‍സിബി അദ്ദേഹത്തെ ടീമിലെത്തിച്ചത്. എന്നാല്‍ മൂല്യത്തിനൊത്ത പ്രകടനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. 

മാത്രമല്ല ആര്‍സിബി ഫിഞ്ചിനെ കൂടുതല്‍ വിശ്വസിക്കുകയും ചെയ്തു. ഫോമില്‍ അല്ലാതിരുന്നിട്ട് പോലും അവസരം നല്‍കി. എന്നാല്‍ പ്രതീക്ഷിച്ച വമ്പനടികള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. 12 ഇന്നിങ്സുകളില്‍ നിന്നും 22.33 ശരാശരിയില്‍ ഒരു ഫിഫ്റ്റിയടക്കം 268 റണ്‍സാണ് ഫിഞ്ചിനു നേടാനായത്. ടീമിനെ സംബന്ധിച്ചിടത്തോലം വലിയ തിരിച്ചടിയായി മാറിയത് താരത്തിന്റെ പ്രകടനമാണ്.'' ആകാശ് ചോപ്ര പറഞ്ഞുനിര്‍ത്തി.