ഇന്ത്യയും ഓസീസും തമ്മില്‍ വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുമെന്നും പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരില്ലെന്ന് ആകാശ് ചോപ്ര
മുംബൈ: ടീം ഇന്ത്യ ഏകപക്ഷീയമായി വിജയിച്ച് തുടങ്ങിയ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി മൂന്നാം ടെസ്റ്റോടെ ആവേശമാകുന്നത് നമ്മള്‍ കണ്ടതാണ്. സ്റ്റീവ് സ്‌മിത്തിന്‍റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഓസീസിന്‍റെ തിരിച്ചുവരവ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ അതേ സ്‌മിത്ത് ഓസീസിനെ നയിക്കുമ്പോള്‍ വാശിയേറിയ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി തന്‍റെ പതിവ് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
ഇന്ത്യയും ഓസീസും തമ്മില്‍ വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുമെന്നും പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരില്ലെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി. ഓസ്‌ട്രേലിയയുടെ സ്‌ക്വാഡ് നോക്കുമ്പോള്‍ കരുത്തുള്ളതാണ്. ഇന്ത്യയെ പരാജയപ്പെടുത്താനുള്ള ടീമുണ്ട് അവര്‍ക്ക്. എന്തായാലും ഇന്ത്യ 3-0ന് പരമ്പര നേടാന്‍ പോകുന്നില്ല. ഏതെങ്കിലുമൊരു ടീം 2-1ന് വിജയിക്കാനാണ് സാധ്യത. ഇന്ത്യയായിരിക്കും ഈ വിജയം നേടുക എന്ന് പറയാനില്ല ഞാന്‍. ഡേവിഡ് വാര്‍ണര്‍-ട്രാവിസ് ഹെഡ് ഓപ്പണിംഗ് സഖ്യം മികച്ചതാണ്. ഹെഡ് മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്. അത് നമ്മള്‍ ടെസ്റ്റ് പരമ്പരയില്‍ കണ്ടതാണ് എന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.
ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ഇന്ത്യ-ഓസ്ട്രേലിയ ടീമുകള്‍ക്ക് നിര്‍ണായകമായ പരമ്പരയാണിത്. മൂന്ന് ഏകദിനങ്ങളാണ് സീരീസില്‍ കളിക്കുക. ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്.
ബിഗ് ബാഷ് ഐപിഎല്ലിനേക്കാള്‍ മികച്ചതെന്ന് ബാബര്‍ അസം; ട്രോളി ഹര്‍ഭജന്‍ സിംഗ്
