വിന്‍ഡീസിനെതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകളില്‍ റിസ്റ്റ് സ്‌പിന്നറായ കുല്‍ദീപ് മികവ് കാട്ടിയിരുന്നു
മുംബൈ: ഏകദിന ലോകകപ്പില്‍ ഏറ്റവും നിര്‍ണായകമാവാന്‍ പോകുന്ന ഇന്ത്യന്‍ ബൗളര്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് എന്ന് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മധ്യനിര ഓവറുകളില്‍ വിക്കറ്റ് എടുക്കാനുള്ള മികവ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കുല്‍ദീപ് തെളിയിച്ചുകഴിഞ്ഞതായും ചോപ്ര വിലയിരുത്തുന്നു.
'ഞാന്‍ കുല്‍ദീപ് യാദവിനെ പിന്തുണയ്‌ക്കുന്നു, അദേഹം വ്യത്യസ്തമായി പന്തെറിയുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ തന്നെയാണ് 2024ല്‍ നമ്മള്‍ ട്വന്‍റി 20 ലോകകപ്പ് കളിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വിക്കറ്റ് എടുക്കുന്നൊരു ബൗളര്‍ കൂടെ വേണം. ട്വന്‍റി 20യില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നേടണം. മധ്യ ഓവറുകളില്‍ വിക്കറ്റ് ടേക്കിംഗ് ബൗളറുണ്ടെങ്കില്‍ ടീമിനൊരു മുതല്‍ക്കൂട്ടാണ്. ഏകദിനത്തിലും കുല്‍ദീപ് യാദവ് മികച്ച പ്രകടനമാണ് നടത്തുന്നത്. വരുന്ന ഏകദിന ലോകകപ്പില്‍ കുല്‍ദീപിന്‍റെ പ്രകടനം ഏറെ നിര്‍ണായകമാകും' എന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ട്വന്‍റി 20 ലോകകപ്പുകളും നഷ്‌ടമായ കുല്‍ദീപ് നിലവിലെ ഫോം വച്ച് ഏകദിന ലോകകപ്പ് ടീമില്‍ ഉറപ്പായും ഇടംപിടിക്കാന്‍ സാധ്യതയുള്ള സ്‌പിന്നറാണ് എന്ന് ആകാശ് ചോപ്ര വ്യക്തമാക്കി.
വിന്‍ഡീസിനെതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകളില്‍ റിസ്റ്റ് സ്‌പിന്നറായ കുല്‍ദീപ് മികവ് കാട്ടിയിരുന്നു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ കുല്‍ദീപ് ഏഴ് വിക്കറ്റ് നേടി. ഇതോടെ ഐസിസി റാങ്കിംഗില്‍ ബൗളര്‍മാരില്‍ യാദവ് നാല് സ്ഥാനങ്ങളുയര്‍ന്ന് ആദ്യ പത്തിലെത്തുകയും ചെയ്തു. വിന്‍ഡീസിനെതിരെ ആദ്യ ട്വന്‍റി 20യില്‍ ഒരു വിക്കറ്റ് നേടിയ താരത്തിന് രണ്ടാം ടി20 പരിക്ക് കാരണം നഷ്‌ടമായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ 28 റണ്‍സിന് 3 വിക്കറ്റുമായി ശക്തമായി തിരിച്ചെത്തി. ബ്രാണ്ടന്‍ കിംഗ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളാസ് പുരാന്‍ എന്നീ മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ഇനി രണ്ട് മത്സരങ്ങള്‍ കൂടി ഇന്ത്യ- വിന്‍ഡീസ് ടി20 പരമ്പരയില്‍ അവശേഷിക്കുന്നുണ്ട്.
Read more: ഏകദിന റാങ്കിംഗ്: പാക് താരങ്ങള്‍ക്ക് ഭീഷണിയായി ഗില്ലിന്‍റെ കുതിപ്പ്, ബൗളര്‍മാരില്‍ കുല്‍ദീപ് ഷോ
