നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ടീം ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന താരം ഐപിഎല്‍ താരലേലത്തില്‍ 20 കോടിയിലധികം പ്രതിഫലം സ്വന്തമാക്കിയേക്കാം എന്നാണ് ചോപ്രയുടെ പ്രവചനം

റാഞ്ചി: ഐപിഎല്ലില്‍ വരും സീസണിന്(IPL 2022) മുമ്പ് വമ്പന്‍ താരലേലം(IPL Mega Auction) നടക്കാനുണ്ട്. ലേലത്തെ കുറിച്ച് ടീമുകള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്ന സമയത്ത് ഏറ്റവും വിലയേറിയ താരം ആരായിരിക്കും എന്ന പ്രവചനവുമായി രംഗപ്രവേശനം ചെയ്‌തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര(Aakash Chopra). റാഞ്ചിയില്‍(Ranchi T20I) ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20ക്കിടെയാണ്(IND vs NZ 2nd T20I) ചോപ്രയുടെ പ്രവചനം.

റാഞ്ചി ടി20യില്‍ തകര്‍ത്തടിച്ച ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ വരും ഐപിഎല്‍ താരലേലത്തില്‍ 20 കോടിയിലധികം രൂപ സ്വന്തമാക്കിയേക്കാം എന്ന് ആകാശ് ചോപ്ര ട്വീറ്റ് ചെയ്‌തു. എന്നാല്‍ ഇതിന് ചില സാഹചര്യങ്ങള്‍ ഒത്തുവരേണ്ടതുണ്ട്. 'കെ എല്‍ രാഹുല്‍ താരലേലത്തില്‍ എത്തിയാല്‍...താരങ്ങളുടെ പ്രതിഫലത്തില്‍ പരിധി നിശ്ചയിക്കാതിരുന്നാല്‍ അദേഹത്തിന് വരും ലേലത്തിലെ വിലയേറിയ താരമാകാന്‍ കഴിയും. 20 കോടി രൂപയിലേറെ രാഹുലിന് കിട്ടും' എന്നുമാണ് ചോപ്രയുടെ വാക്കുകള്‍. 

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ആഡം മില്‍നെ എറിഞ്ഞ 11-ാം ഓവറില്‍ രാഹുല്‍ നേടിയ സിക്‌സറിനെ പുകഴ്‌ത്തുകയും ചെയ്തു ആകാശ് ചോപ്ര. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്ത് എക്‌സ്‌ട്രാ കവറിന് മുകളിലൂടെ ഫ്ലാറ്റ് സിക്‌സറിന് പറത്തി താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പേസറെ കവറിന് മുകളിലൂടെ രാഹുലിനെക്കാള്‍ മികച്ച നിലയില്‍ പറത്തുന്ന ബാറ്ററുടെ പേര് പറയാമോ എന്ന് ചോപ്ര ചോദിച്ചു. അസാധാരണ കഴിവാണ് രാഹുലിന്‍റേത് എന്നാണ് മുന്‍താരത്തിന്‍റെ പ്രശംസ. 

Scroll to load tweet…

റാഞ്ചിയില്‍ 49 പന്ത് നേരിട്ട രാഹുല്‍ ആറ് ഫോറും രണ്ട് സിക്‌സറും സഹിതം 65 റണ്‍സെടുത്തിരുന്നു. ടി20 കരിയറില്‍ രാഹുലിന്‍റെ 16-ാം ഫിഫ്റ്റിയാണിത്. അവസാന അഞ്ച് രാജ്യാന്തര ടി20കളില്‍ രാഹുലിന്‍റെ നാലാം അര്‍ധ സെഞ്ചുറിയാണിത് എന്ന പ്രത്യേകതയുമുണ്ട്. മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 117 റണ്‍സിന്‍റെ കൂട്ടുകെട്ട് രാഹുല്‍ സൃഷ്‌ടിക്കുകയും ചെയ്‌തു. 

Scroll to load tweet…

റാഞ്ചിയില്‍ കിവീസിന്‍റെ 153 റൺസ് ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 16 പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. കെ എല്‍ രാഹുലിനൊപ്പം കിവികളെ പൊരിച്ച രോഹിത് ശര്‍മ്മ അഞ്ച് സിക്‌സറടക്കം 36 പന്തിൽ 55 ഉം നേടി. സൂര്യകുമാർ യാദവ് ഒന്നിൽ വീണെങ്കിലും 12 റൺസ് വീതമെടുത്ത് വെങ്കടേഷ് അയ്യരും റിഷഭ് പന്തും ഇന്ത്യൻ ജയം അനായാസമാക്കി. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് രണ്ട് വിക്കറ്റ് നേടിയ പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് കളിയിലെ താരം. 

Peng Shuai | ചൈനീസ് മുൻ ഉപപ്രധാനമന്ത്രി പീഡിപ്പിച്ചെന്ന് ആരോപണം; ടെന്നീസ് താരത്തെ കാണാനില്ല, ചോദ്യവുമായി ലോകം