ഏകദിന ഡബിള്‍ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ടി20 ക്രിക്കറ്റില്‍ ഇഷാന്‍ കിഷന്‍ റണ്‍സടിക്കാന്‍ പാടുപെടുന്നത് ഇതാദ്യമല്ല. ഐപിഎല്ലിലെ കാര്യമല്ല പറയുന്നത്. ഐപിഎല്ലില്‍ 14 മത്സരങ്ങളിലും ടീമില്‍ കളിക്കാന്‍ കഴിയുമെന്ന ഉറപ്പുണ്ട്.
ഗയാന:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് അര്‍ധസെഞ്ചുറികളുമായി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനായിരുന്നു. എന്നാല്‍ ഏകദിന പരമ്പരയിലെ ഫോം ടി20 പരമ്പരയില്‍ ആവര്‍ത്തിക്കാന്‍ കിഷനായില്ല. ആദ്യ രണ്ട് ടി20കളിലും ഓപ്പണറായി ഇറങ്ങി നിരാശപ്പെടുത്തിയതോടെ മൂന്നാം ടി20യില്‍ കിഷന് വിശ്രമം അനുവദിച്ച് യശസ്വി ജയ്സ്വാളിന് ഇന്ത്യ ഓപ്പണര്‍ സ്ഥാനത്ത് അവസരം നല്‍കി.
ആദ്യ മത്സരത്തില്‍ ഒമ്പത് പന്തില്‍ ആറ് റണ്‍സെടുത്ത് കിഷന്‍ പുറത്തായപ്പോള്‍ രണ്ടാം മത്സരത്തില്‍ 23 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി. ഇതോടെയാണ് കിഷന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായത്. പകരമെത്തിയ യശസ്വി ജയ്സ്വാളിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും നാളെ നടക്കുന്ന രണ്ടാം മത്സരത്തിലും ജയ്‌സ്വാള്‍ തുടരുമെന്നാണ് കരുതുന്നത്. ഇതിനിടെ ടി20 ക്രിക്കറ്റില്‍ ഇഷാന്‍ കിഷന്‍ നേരിടുന്നതില്‍ 50 ശതമാനത്തിലേറെ ഡോട്ട് ബോളുകളുണ്ടെന്നും ഇത് മാറ്റാത് യുവതാരത്തിന് ടി20 ക്രിക്കറ്റില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും തുറന്നു പറയുകയാണ് മുന്‍ താരം ആകാശ് ചോപ്ര.
ഏകദിന ഡബിള്‍ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ടി20 ക്രിക്കറ്റില്‍ ഇഷാന്‍ കിഷന്‍ റണ്‍സടിക്കാന്‍ പാടുപെടുന്നത് ഇതാദ്യമല്ല. ഐപിഎല്ലിലെ കാര്യമല്ല പറയുന്നത്. ഐപിഎല്ലില്‍ 14 മത്സരങ്ങളിലും ടീമില്‍ കളിക്കാന്‍ കഴിയുമെന്ന ഉറപ്പുണ്ട്. എന്നാല്‍ ഇന്ത്യക്കായി കളിക്കുമ്പോള്‍ രണ്ടോ മൂന്നോ മത്സരങ്ങളില്‍ തിളങ്ങിയില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താകാം. പ്രത്യേകിച്ച് ജയ്സ്വാളിനെപ്പോലൊരു താരം പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ കിഷന് സമ്മര്‍ദ്ദം കൂടുകയും ചെയ്യും.
ദ്വിരാഷ്ട്ര ടി20 പരമ്പരകളില്‍ കളിക്കാരന് ലഭിക്കുന്ന അവസരം കുറവായിരിക്കും. ലഭിച്ച അവസരങ്ങളില്‍ തിളങ്ങാനായില്ലെങ്കില്‍ പിന്നീട് ടീമില്‍ നിലനില്‍ക്കുക ബുദ്ധിമുട്ടാവും. ഈ പരമ്പരയില്‍ തന്നെ കിഷന്‍ നേരിട്ടതില്‍ 50 ശതമാനത്തിലേറെ ഡോട്ട് ബോളുകളാണ്. സമ്മര്‍ദ്ദം കൊണ്ട് കൂടിയാണ് അത്. അല്ലെങ്കില്‍ കിഷന്‍ ഇത്രയും ഡോട്ട് ബോളുകള്‍ കളിക്കാറില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. ഐപിഎല്ലില്‍ 91 മത്സരങ്ങളില്‍ 134.26 പ്രഹരശേഷിയില്‍ 2324 റണ്‍സടിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ കുപ്പായത്തില്‍ കിഷന് ആ പ്രകടനം ആവര്‍ത്തിക്കാനായിട്ടില്ല.
