ശ്രീലങ്കക്കെതിരായ പരമ്പരയിൽ ശിഖർ ധവാൻ രണ്ട് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയുമെല്ലാം നേടി തിളങ്ങിയാൽ അദ്ദേഹത്തെ അവ​ഗണിക്കുക ബുദ്ധിമുട്ടാവും. അതുപോലെ ഐപിഎല്ലിൽ പൃഥ്വി ഷാ തിളങ്ങിയാൽ അദ്ദേഹത്തെയും. അങ്ങനെ ഒരു സാഹചര്യത്തിൽ ആരെയാണ് സെലക്ടർമാർ  അവ​ഗണിക്കുക

ദില്ലി: ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ദുബായിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ഓപ്പണർ സ്ഥാനത്തേക്ക് പൊരിഞ്ഞ പോരട്ടമാണ് നടക്കുന്നത്. രോഹിത് ശർമ സ്വാഭാവിക ചോയ്സായി ഒന്നാമത്തെ ഓപ്പണറാകുമ്പോൾ ആരാകും ഇന്ത്യയുടെ രണ്ടാം ഓപ്പണർ എന്നാണ് ആരാധകരുടെ ആകാംക്ഷ.

ലോകകപ്പിന് മുമ്പ് നടന്ന മത്സരങ്ങളിൽ ഓപ്പണറായി ഭാ​ഗ്യം പരീക്ഷിക്കാൻ ക്യാപ്റ്റൻ വിരാട് കോലി കൂടി എത്തിയിട്ടുണ്ട്. ഐപിഎല്ലിലും ബാം​ഗ്ലൂരിനായി കോലി ഇന്നിം​ഗ്സ് ഓപ്പൺ ചെയ്തിരുന്നു. ഇതോടെ കോലി, ധവാൻ, ഐപില്ലിൽ പഞ്ചാബ് നായകനായ കെ എൽ രാഹുൽ, ഐപിഎല്ലിൽ ഡൽഹിക്കായി തിളങ്ങിയ പൃഥ്വി ഷാ എന്നിങ്ങനെ നിരവധി സാധ്യതകളാണ് ഇപ്പോൾ ഇന്ത്യക്ക് മുന്നിലുള്ളത്.

ഇതൊക്കെയാണെങ്കിലും അവസാനം രോഹിത്തിന്റെ പങ്കാളിയുടെ കാര്യത്തിൽ യഥാർത്ഥ മത്സരം കോലിയും രാഹുലും തമ്മിലാവും. ഇതിൽ രാഹുൽ ജയിക്കുകയും ചെയ്യും. കാരണം റിഷഭ് പന്ത് മധ്യനിരയിൽ കളിക്കാനുള്ളതിനാൽ രാഹുലിനെ മധ്യനിരയിൽ കളിപ്പിക്കേണ്ട കാര്യമില്ല. മാത്രമല്ല ഹർദ്ദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജക്കും മധ്യനിരയിലെ ചുമതലകൾ ഭം​ഗിയായി നിർവഹിക്കാനുമാകും.

ശ്രീലങ്കക്കെതിരായ പരമ്പരയിൽ ശിഖർ ധവാൻ രണ്ട് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയുമെല്ലാം നേടി തിളങ്ങിയാൽ അദ്ദേഹത്തെ അവ​ഗണിക്കുക ബുദ്ധിമുട്ടാവും. അതുപോലെ ഐപിഎല്ലിൽ പൃഥ്വി ഷാ തിളങ്ങിയാൽ അദ്ദേഹത്തെയും. അങ്ങനെ ഒരു സാഹചര്യത്തിൽ ആരെയാണ് സെലക്ടർമാർ അവ​ഗണിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടതാണെന്നും നിലവിലെ സാഹചര്യത്തിൽ ലോകകപ്പിൽ രാഹുൽ ഓപ്പണറും കോലി മൂന്നാം നമ്പറിലും ഇറങ്ങാനാണ് സാധ്യതയെന്നും ചോപ്ര പറഞ്ഞു.