ദില്ലി: കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ ഫൈനലിലെത്തിയ ടീമാണ് ഡല്‍ഹി കാപിറ്റല്‍സ്. മിക്കവാറും ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ അവര്‍ക്കായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍ക്കാനായിരുന്നു വിധി. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത്തവണയും മുംബൈയെ കുഴപ്പത്തിലാക്കുന്നത് ഡല്‍ഹി തന്നെയായിരിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്.

മുംബൈയുടെ പ്രധാന ഭീഷണി ഡല്‍ഹി ആയിരിക്കുമെന്നാണ് ചോപ്രയുടെ പക്ഷം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''മുംബൈയുടെ മുഖ്യ എതിരാളി ഡല്‍ഹി തന്നെയായിരിക്കും. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മുംബൈയെ അമ്പരപ്പിക്കാന്‍ ഡല്‍ഹിക്ക് സാധിക്കും. ഡല്‍ഹി നിര ശക്തമാണ്. സന്തുലിതമാണ് അവരുടെ ടീം. ഇന്ത്യയുടെ തന്നെ മികച്ച താരങ്ങള്‍ ഡല്‍ഹി നിരയിലുണ്ട്. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരെല്ലാം അവരുടെ ടീമിന്റെ ഭാഗമാണ്.

മികച്ച ബൗളിങ് നിരയും ഡല്‍ഹിക്കുണ്ട്. കഗിസോ റബാഡ, ആന്റിച്ച് നോര്‍ജെ, ക്രിസ് വോക്സ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, അവേശ് ഖാന്‍ എന്നിവരെല്ലാം ഡല്‍ഹിയുടെ പേസ് വകുപ്പിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. ആര്‍ അശ്വിന്‍, അമിത് മിശ്ര, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ സ്പിന്‍ ബൗളിങ്ങും ഡല്‍ഹിയുടെ കരുത്ത് വര്‍ധിപ്പിക്കും. മാര്‍ക്കസ് സ്റ്റോയ്നിസും നന്നായി പെര്‍ഫോം ചെയ്യുന്ന താരമാണ്.'' ചോപ്ര വ്യക്തമാക്കി. 

ഇത്തവണ റിഷഭ് പന്താണ് ഡല്‍ഹിയെ നയിക്കുന്നത്. ശ്രേയസ് അയ്യര്‍ക്ക് പരിക്ക് കാരണം സീസണ്‍ നഷ്ടമായതിനെ തുടര്‍ന്നാണ് പന്തിന് ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നത്.