അവരല്ലാതെ മറ്റാര്; ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ രണ്ട് ഫേവറൈറ്റുകളെ പ്രവചിച്ച് എബിഡി
ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന ദക്ഷിണാഫ്രിക്കയുടെ പേരാണ് ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ഒരു ടീമായി എബിഡി പറയുന്നത്

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് അതിന്‍റെ എല്ലാ ആവേശത്തോടെയും ഇന്ത്യയില്‍ പുരോഗമിക്കുകയാണ്. വമ്പന്‍മാരായ പല ടീമുകള്‍ക്കും കാലിടറിയ ടൂര്‍ണമെന്‍റില്‍ അഫ്‌ഗാനിസ്ഥാന്‍ സെമി ഫൈനലിന് അരികെ നില്‍ക്കുന്നതാണ് ഇതുവരെ സംഭവിച്ച ഏറ്റവും വലിയ സര്‍പ്രൈസ്. ആരാവും ലോകകപ്പ് നേടാന്‍ സാധ്യത എന്ന ചര്‍ച്ച ക്രിക്കറ്റ് വേദികളില്‍ സജീവമാണ്. പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഒന്നാമതുള്ള ഇന്ത്യ മാത്രമേ ഇതിനകം സെമി ഉറപ്പിച്ചിട്ടുള്ളൂ. അവശേഷിക്കുന്ന സ്ഥാനങ്ങളിലേക്ക് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള രണ്ട് ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്.
ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന ദക്ഷിണാഫ്രിക്കയുടെ പേരാണ് ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ഒരു ടീമായി എബിഡി പറയുന്നത്. ആതിഥേയരായ ടീം ഇന്ത്യയാണ് രണ്ടാമത്തെ ടീം. 'ദക്ഷിണാഫ്രിക്ക കപ്പുയര്‍ത്തിയില്ലെങ്കില്‍ ടീം ഇന്ത്യയാണ് എന്‍റെ രണ്ടാമത്തെ ഫേവറൈറ്റ് ടീം. ദക്ഷിണാഫ്രിക്ക അല്ലെങ്കില്‍ ഇന്ത്യ കപ്പുയര്‍ത്തണം. ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയെ ടൂര്‍ണമെന്‍റിലെ ഫേവറൈറ്റുകളാക്കുന്നത്. ഏറെ മാച്ച് വിന്നര്‍മാര്‍ ടീമിലുണ്ട്. ഇന്ത്യ മികച്ച ടീമാണ്. ഹോം വേദിയില്‍ കളിക്കുന്നു എന്നതിനാല്‍ സാഹചര്യം നന്നായി അറിയാം. 2011 ആവര്‍ത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ഞാന്‍' എന്നും എ ബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ടീമിന് ഒരു മുന്നറിയിപ്പ് നല്‍കുന്നുമുണ്ട് ഇതിഹാസ താരം. 'ഒരു പരിക്കോ ചെറിയൊരു വീഴ്‌ചയോ ഒരു ദിവസം മോശമായാലോ ടീമിനെ പ്രതികൂലമായി ബാധിച്ചേക്കാം. ക്രിക്കറ്റില്‍ എന്തും സംഭവിക്കാം. അതാണ് ഈ ഗെയിമിന്‍റെ പ്രത്യേകത. എങ്കിലും ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഫേവറൈറ്റുകളാണ്. ഇന്ത്യ ജേതാക്കളാവും എന്ന് കരുതാന്‍ ഏറെ കാരണങ്ങളുണ്ട്' എന്നും മിസ്റ്റര്‍ 360 കൂട്ടിച്ചേര്‍ത്തു. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നും ദക്ഷിണാഫ്രിക്ക രണ്ടും ഓസ്ട്രേലിയ മൂന്നും ന്യൂസിലന്‍ഡ് നാലും അഫ്‌ഗാനിസ്ഥാന്‍ അഞ്ചും സ്ഥാനങ്ങളിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം