ജൊഹാനസ്ബര്‍ഗ്: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൊവിഡ‍് 19 മൂലം അടുത്തവര്‍ഷത്തേക്ക് നീട്ടിവെച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തുമോ എന്ന് ഉറപ്പ് പറയാനാവില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്സ്. നിലവിലെ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കക്കായി വീണ്ടും കളിക്കാന്‍ താന്‍ സന്നദ്ധനാണെന്നും എന്നാല്‍ അടുത്തവര്‍ഷത്തേക്ക് ടൂര്‍ണമെന്റ് നീട്ടിയാലുള്ള കാര്യം ഒന്നും ഉറപ്പ് പറയാനാവില്ലെന്നും ഒരു ദക്ഷിണാഫ്രിക്കന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡിവില്ലിയേഴ്സ് പറഞ്ഞു.

ആറ് മാസത്തില്‍ കൂടുല്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ല. നിലവിലെ സാഹചര്യത്തില്‍ മുന്‍നിശ്ചയപ്രകാരം ടി20 ലോകകപ്പ് നടന്നാല്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിക്കാന്‍ എനിക്കാവും. എന്നാല്‍ അടുത്തവര്‍ഷമാണ് ടൂര്‍ണമെന്റ് നടക്കുന്നതെങ്കില്‍ ശരീരം അതിന് അനുവദിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. വെറുതെ പ്രതീക്ഷ നല്‍കുന്നതില്‍ കാര്യമില്ലല്ലോ. ഇക്കാര്യം ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ മാര്‍ക്ക് ബൌച്ചറോടും പറഞ്ഞിട്ടുണ്ട്-ഡിവില്ലിയേഴ്സ് പറഞ്ഞു.

നേരെ കേറിച്ചെന്ന് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിക്കാമെന്ന് താന്‍ കരുതുന്നില്ലെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. എനിക്ക് 100 ശതമാനം കായികക്ഷമതയുണ്ടെന്ന് തോന്നിയാല്‍ മാത്രമെ വീണ്ടും കളിക്കാനിറങ്ങു. അതില്ലെങ്കില്‍ ഒരിക്കലും കളിക്കാനിറങ്ങില്ല. കാരണം 80 ശതമാനം വെച്ച് ഒരു കാര്യവും ചെയ്യുന്ന വ്യക്തിയല്ല ഞാന്‍. ട്രയല്‍സില്‍ പങ്കെടുത്ത് ബൌച്ചറിന് മുമ്പില്‍ എന്റെ മികവ് തെളിയിച്ചശേഷം മാത്രമെ ദക്ഷിണാഫ്രിക്കക്ക് വേണ്ടി വീണ്ടും കളിക്കാന്‍ തയാറാവു. എന്റെ കൂടെയുള്ളവരെക്കാള്‍ മികവ് എനിക്കുണ്ടെന്ന് തെളിയിച്ചാല്‍ മാത്രമെ അവരെന്നെ ടീമിലെടുക്കു. ഞാനാഗ്രഹിക്കുന്നപോലെയെല്ലാം നടക്കണമെന്ന് വിചാരിക്കുന്ന ആളൊന്നുമല്ല ഞാന്‍.

കഴിഞ്ഞ ഏകദിന ലോകകപ്പ് സമയത്ത് വിരമിക്കല്‍ പിന്‍വലിച്ച് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്താമെന്ന് പറഞ്ഞതിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ തന്നെ ശരിക്കും വേദനിപ്പിച്ചുവെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. ലോകകപ്പ് സമയത്ത് ദക്ഷിണാഫ്രിക്കക്ക് വേണ്ടി വീണ്ടും കളിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെന്നത് വാസ്തവമാണ്. എന്നാല്‍ അതിനര്‍ത്ഥം മറ്റൊരാളുടെ സ്ഥാനം തട്ടിത്തെറിപ്പിച്ച് നേരെ ടീമിലെടുക്കണമെന്നായിരുന്നില്ല. എന്നാല്‍ ആ രീതിയിലാണ് പലരും അതിനെ കണ്ടത്. അതെന്നെ ശരിക്കും വേദനിപ്പിച്ചു.

മികവിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ശരിക്കും സ്ഥാനം അര്‍ഹിക്കുന്നുവെങ്കില്‍ മാത്രം എന്നെ ടീമില്‍ എടുത്താല്‍ മതിയെന്നാണ് ഞാന്‍ പറഞ്ഞത്. എനിക്ക് എന്തെങ്കിലും പ്രത്യേക പരിഗണന നല്‍കണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. താന്‍ ഇനി ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരിച്ചുവരികയാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ മാര്‍ക്ക് ബൌച്ചറിനാവുമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. തന്റെ ജീവിതത്തില്‍ ബൌച്ചറുടെ സ്വാധീനത്തെക്കുറിച്ച് വേണമെങ്കില്‍ തനിക്ക് ഒരു പുസ്തകം തന്നെ എഴുതാനാവുമെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.