ഐപിഎല്‍ ടീമുകള്‍ക്ക് ലേലത്തില്‍ ഡിവാള്‍ഡ് ബ്രേവിസിനെ ടീമിലെടുക്കാന്‍ സുവര്‍ണാവസരമുണ്ടായിരുന്നുവെന്നും എന്നാല്‍ എല്ലാവരും ആ അവസരം നഷ്ടമാക്കിയെന്നും എബി ഡിവില്ലിയേഴ്‌സ്.

ഡാര്‍വിന്‍: ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡിവാള്‍ഡ് ബ്രേവിസ് ഐപിഎല്‍ ടീമുകള്‍ക്ക് ലേലത്തില്‍ ടീമിലെടുക്കായിരുന്നുവെന്ന് മുന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20യില്‍ അതിവേഗ സെഞ്ചുറി നേടിയതോടെയാണ് ബ്രേവിസിനെ കുറിച്ച് ഡിവില്ലിയേഴ്‌സ് എക്‌സില്‍ പോസ്റ്റുമായി എത്തിയത്. ഡാര്‍വിന്‍, മറാര ക്രിക്കറ്റ് ഗ്രൗണ്ടില്‍ 56 പന്തില്‍ പുറത്താവാതെ 125 റണ്‍സാണ് ബ്രേവിസ് അടിച്ചെടുത്തത്. 41 പന്തില്‍ 22കാരന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇന്നിംഗ്‌സില്‍ എട്ട് സിക്‌സും 12 ഫോറുകളും ഉള്‍പ്പെടും.

ഇന്നിംഗ്‌സിന് പിന്നാലെ ഡിവില്ലിയേഴ്‌സ് കുറിപ്പുമായെത്തി. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കുറിച്ചിട്ടതിങ്ങനെ... ''ഐപിഎല്‍ താരലേലത്തില്‍ ഡിവാള്‍ഡ് ബ്രേവിസിനെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് സുവര്‍ണാവസരമുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും ആ അവസരം നഷ്ടമാക്കി. ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഭാഗ്യവന്മാരാണ്. അതുമല്ലെങ്കില്‍, അവരുടെ ഏറ്റവും വലിയ മാസ്റ്റര്‍ സ്‌ട്രോക്കാണിത്. അവന്‍ നന്നായി കളിക്കുന്നുണ്ട്.'' ഡിവില്ലിയേഴ്‌സ് കുറിച്ചിട്ടു.

അതിന് താഴെ മറ്റൊരു കുറിപ്പ് കൂടിയുണ്ടായിരുന്നു. അതിങ്ങനെ... ''അത്ഭുതകരമെന്തെന്നാല്‍, ആദ്യ ആദ്യഘട്ടത്തില്‍ ആരും അവനെ വിളിച്ചില്ല. പിന്നീട് ഇഞ്ചുറി സബ്ബായിട്ടാണ് താരം ടീമിലെത്തുന്നത്.'' ഡിവില്ലിയേഴ്‌സ് കുറിച്ചു.

Scroll to load tweet…

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ബ്രേവിസിന്റെ പ്രകടനത്തിന്റെ കരുത്തില്‍ അടിച്ചെടുത്തത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ്. മൂന്നിന് 57 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക പതറുമ്പോഴാണ് ബ്രേവിസ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 2017ല്‍ ബംഗ്ലാദേശിനെതിരെ 35 പന്തില്‍ സെഞ്ചുറി നേടിയ ഡേവിഡ് മില്ലറാണ് ഇക്കാര്യത്തില്‍ ഒന്നാമത്. പിന്നില്‍ ബ്രേവിസ്. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 43 പന്തില്‍ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്ക് മൂന്നാം സ്ഥാനത്ത്.

Scroll to load tweet…

ടി20 ക്രിക്കറ്റില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 2015ല്‍ ജൊഹന്നാസ്ബര്‍ഗില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 119 റണ്‍സ് അടിച്ചെടുത്ത ഫാഫ് ഡു പ്ലെസിസ് രണ്ടാം സ്ഥാനത്തേക്ക പിന്തള്ളപ്പെട്ടു. 2012ല്‍ ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താവാതെ 117 റണ്‍സെടുത്ത് റിച്ചാര്‍ഡ് ലെവി മൂന്നാമതായി. 2024ല്‍ പാകിസ്ഥാനെതിരെ 117 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്‌സും കൂടെയുണ്ട്. ടി20 ചരിത്രത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു താരം നേടുന്ന ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഇന്ത്യന്‍ താരം റുതുരാജ് ഗെയ്കവാദിനെയാണ് (പുറത്താവാതെ 123) ബ്രേവിസ് പിന്നിലാക്കിയത്. 2023ല്‍ ഗുവാഹത്തിയിലായിരുന്നു റുതുരാജിന്റെ ഇന്നിംഗ്‌സ്.

YouTube video player