ഐപിഎൽ ചരിത്രത്തിൽ ഇതുവരെ കിരീടം നേടാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഈ കടമ്പ കടക്കാൻ സാധ്യമായ വഴികളെല്ലാം തേടുകയാണിപ്പോൾ ആ‍ർസിബി.

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണിലും എ ബി ഡിവിലിയേഴ്‌സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ വിക്കറ്റ് കീപ്പറാകുമെന്ന് മുഖ്യ പരിശീലകൻ മൈക് ഹെസ്സൻ. വിരാട് കോലി ഓപ്പണറായി തിരിച്ചെത്തുമെന്നും ഹെസ്സൻ പറഞ്ഞു.

ഐപിഎൽ ചരിത്രത്തിൽ ഇതുവരെ കിരീടം നേടാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഈ കടമ്പ കടക്കാൻ സാധ്യമായ വഴികളെല്ലാം തേടുകയാണിപ്പോൾ ആ‍ർസിബി. ബാറ്റിംഗ് നിരയുടെ കരുത്തുകൂട്ടാൻ എ ബി ഡിവിലിയേഴ്സ് വിക്കറ്റ് കീപ്പറായി തുടരും. ഡിവിലിയേഴ്‌സ് വിക്കറ്റിന് പുറകിൽ തുടരുന്നതോടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് അസ്‌ഹറുദ്ദീന് ആദ്യ ഇലവനിലെത്താൻ കാത്തിരിക്കേണ്ടി വന്നേക്കും. 

കെ എസ് ഭരത്താണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. കഴിഞ്ഞ സീസണിൽ ഉഗ്രൻ ബാറ്റിംഗ് പുറത്തെടുത്ത മലയാളിതാരം ദേവ്ദത്ത് പടിക്കലിനൊപ്പം വിരാട് കോലിയാവും ഇന്നിംഗ്സ് തുറക്കാനെത്തുക. ഇക്കാര്യം താരലേലത്തിന് മുൻപ് തന്നെ നായകനുമായി സംസാരിച്ചുവെന്ന് മൈക് ഹെസ്സൻ വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് ആർസിബിയുടെ പരിശീലന ക്യാമ്പിന് തുടക്കമാവുക. ഞായറാഴ്ച ഡിവിലിയേഴ്സ് ടീമിനൊപ്പം ചേരും. ആർസിബി ഏപ്രിൽ ഒൻപതിന് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും.