മികച്ച പ്രകടനം നടത്തിയിട്ടും മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിന് കാരണം പ്രായമല്ലെന്ന് മുൻ താരം അഭിനവ് മുകുന്ദ്. ഭുവനേശ്വർ കുമാർ തിരിച്ചെത്തിയ സാഹചര്യത്തിൽ ഷമിയെ തഴഞ്ഞതിന് മറ്റ് കാരണങ്ങളുണ്ടാകാമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരു: ഡൊമിസ്റ്റിക് ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലേക്കും താരത്തെ ബിസിസിഐ പരിഗണിച്ചില്ല. ഭുവനേശ്വര്‍ കുമാര്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തില്‍, ഷമിയുടെ തഴയപ്പെടലിന് കാരണം പ്രായമല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ് വ്യക്തമാക്കി.

മുകുന്ദിന്റെ വാക്കുകള്‍... ''ഇന്ത്യന്‍ ടീം ഒരുകൂട്ടം ഫാസ്റ്റ് ബോളര്‍മാരുമായാണ് മുന്നോട്ടുപോകുന്നത്. മുഹമ്മദ് ഷമിയെ തിരഞ്ഞെടുക്കാത്തതിന് അതിന്റേതായ കാരണങ്ങളുണ്ടാകും. പ്രായമാണ് മാനദണ്ഡമെന്ന് ഞാന്‍ കരുതുന്നില്ല. പ്രായമായിരുന്നു മാനദണ്ഡമെങ്കില്‍ ഭുവനേശ്വര്‍ കുമാര്‍ ടി20 ടീമിലേക്ക് തിരിച്ചെത്തില്ലായിരുന്നു.'' മുകുന്ദ് പറഞ്ഞു. 64 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 229 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഷമി, 2023 ജൂണിലാണ് അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.

മറുവശത്ത്, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ന്യൂസിലന്‍ഡിനെതിരായ റെഡ്-ബോള്‍ മത്സരങ്ങള്‍ക്കായി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ സാന്നിധ്യം ഇന്ത്യക്ക് അഞ്ച് പേസര്‍മാരുടെ കരുത്ത് നല്‍കുന്നു.

മുകുന്ദ് തുടര്‍ന്നു... ''പരിക്കില്‍ നിന്ന് തിരിച്ചെത്തുന്ന ആകാശ് ദീപ് വളരെ മികച്ചൊരു റെഡ്-ബോള്‍ ബോളറാണ്. അന്‍ഷുല്‍ കാംബോജും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാവിയിലേക്കുള്ള മികച്ചൊരു തിരഞ്ഞെടുപ്പാണ് ഈ ടീമെന്നും ഞാന്‍ കരുതുന്നു.'' മുകുന്ദ് കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയ്ക്കെതിരായ കഴിഞ്ഞ ടെസ്റ്റ് ടീമിലുണ്ടായിരുന്ന ഗുര്‍നൂര്‍ ബ്രാര്‍, ഔഖിബ് നബി, സര്‍ഫറാസ് ഖാന്‍, സാരന്‍ഷ് ജെയിന്‍ എന്നിവരെ ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജൈസ്വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

YouTube video player