കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ കൊല്ലം സെയ്‌ലേഴ്‌സിന്റെ അഭിഷേക് ജെ നായര്‍ സെഞ്ച്വറി നേടി. 60 പന്തില്‍ പുറത്താകാതെ 100 റണ്‍സ് നേടിയ താരത്തിന്റെ മികവില്‍ കൊല്ലം 183 റണ്‍സ് അടിച്ചുകൂട്ടി.
തിരുവനന്തപുരം: പൂരങ്ങളുടെ നാട്ടുകാര്‍ക്കെതിരെ തിരുവോണ നാളില്‍ സെഞ്ച്വറിത്തിളക്കവുമായി കൊല്ലം സെയ്‌ലേഴ്‌സിന്റെ സ്വന്തം അഭിഷേക്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കേരള ക്രിക്കറ്റ് ലീഗ് പോരാട്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ അഭിഷേക് കൊടുങ്കാറ്റായി മാറിയപ്പോള്‍ കൊല്ലം സെയ്‌ലേഴ്‌സ് അടിച്ചുകൂട്ടിയത് 183 റണ്‍സ്. 60 പന്തില്‍ 11 ഫോറുകളുടെയും 5 സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു ഈ സെഞ്ച്വറി നേട്ടം. 34 പന്തില്‍ അര്‍ദ്ധശതകം തികച്ച അഭിഷേകിന് നൂറിലേക്കെത്താന്‍ പിന്നീട് വെറും 26 പന്തുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. പുറത്താകാതെ നൂറ് റണ്‍സ് നേടിയ അഭിഷേകാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
ഇന്നിങ്‌സിലെ ആറാം പന്തില്‍ ആനന്ദ് ജോസഫിനെ ബൗണ്ടറി കടത്തിയാണ് അഭിഷേക് തന്റെ റണ്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ആനന്ദിന്റെ ഓവറില്‍ തന്നെ തുടര്‍ച്ചയായി രണ്ട് ഫോറുകള്‍ കൂടി നേടിയ താരം നാസലിന്റെ പന്തിലും ബൗണ്ടറി കണ്ടെത്തി. നാലാം ഓവറെറിയാനെത്തിയ ആദിത്യ വിനോദിനെതിരെ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 14 റണ്‍സാണ് വാരിക്കൂട്ടിയത്. പതിനൊന്നാം ഓവറില്‍ ബിജു നാരായണനെ ബൗണ്ടറി കടത്തിയാണ് താരം തിരുവോണ സമ്മാനമായി കൊല്ലം ആരാധകര്‍ക്ക് ഫിഫ്റ്റി നല്‍കിയത്.
തുടര്‍ന്ന് തൃശൂര്‍ നായകന്‍ അഖില്‍ എം.എസ് എറിഞ്ഞ പതിമൂന്നാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 15 റണ്‍സ് നേടി സ്‌കോറിങ് വേഗം കൂട്ടി. മൂന്നാം വിക്കറ്റില്‍ ആനന്ദ് കൃഷ്ണനൊപ്പം അഭിഷേക് കൂട്ടിച്ചേര്‍ത്ത 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് കൊല്ലത്തിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായത്. ആദ്യ സീന്‍ മുതല്‍ ക്ലൈമാക്‌സ് വരെ സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന നായകനെ പോലെ, ക്രീസില്‍ നിലയുറപ്പിച്ച താരം വളരെ പക്വതയോടെയാണ് ബാറ്റുവീശിയത്. ഈ സീസണില്‍ പിറക്കുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്. നേരത്തെ ആലപ്പിയുടെ വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്‌റുദ്ദീനും ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടിയിരുന്നു.
ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയുമടക്കം 236 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ് ഇപ്പോള്‍ അഭിഷേക് ജെ നായര്‍. ഉത്രാടനാളില്‍ ആലപ്പിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും 32 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമടക്കം അര്‍ദ്ധശതകം നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. കൂടാതെ ഈ സീസണിലെ ടീമിന്റെ ആദ്യ മത്സരത്തില്‍ കൊച്ചിക്കെതിരെയും അഭിഷേക് ഫിഫ്റ്റി തികച്ചിരുന്നു. തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളിലൂടെ കേരള ക്രിക്കറ്റ് ലീഗിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ് ഈ കൊല്ലം സെയ്‌ലേഴ്‌സ് താരം.

