നാലാം ഓവര്‍ എറിഞ്ഞ സുനില്‍ നരെയ്നുശേഷം അഞ്ചാം ഓവർ എറിയാനെത്തിയത് കൊൽക്കത്തയുടെ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. എന്നാല്‍ വരുണിന്‍റെ ഓവറില്‍ 6, 6, 4, 4, 4, വൈഡ് അടക്കം 25 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്.
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ലോക ഒന്നാം നമ്പർ സ്പിന്നറായ വരുൺ ചക്രവർത്തിയെ നിലം തൊടാതെ പറത്തി അഭിഷേക് ശർമ. ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ ചക്രവർത്തിയെറിഞ്ഞ ആദ്യ ഓവറിൽ തന്നെ 25 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി അഭിഷേക് ശർമയും ട്രാവിസ് ഹെഡും ചേർന്ന് സ്ഫോടനാത്മകമായ തുടക്കമാണ് നൽകിയത്.
ഇതോടെ നാലാം ഓവറില്‍ തന്നെ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെ സ്പിന്നര്‍മാരെ പന്തേല്‍പ്പിച്ചു. നാലാം ഓവര്‍ എറിഞ്ഞ സുനില്‍ നരെയ്നുശേഷം അഞ്ചാം ഓവർ എറിയാനെത്തിയത് കൊൽക്കത്തയുടെ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. എന്നാല്‍ വരുണിന്‍റെ ഓവറില്‍ 6, 6, 4, 4, 4, വൈഡ് അടക്കം 25 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. ഇതോടെ വെറും 5 ഓവറിൽ ഹൈദരാബാദ് സ്കോർ 80 കടന്നു. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി മോശം ഫോമിലായിരുന്ന അഭിഷേകിന് ഫോമിലേക്ക് മടങ്ങിയെത്താനും ഈ പ്രകടനത്തോടെ കഴിഞ്ഞു.
അഭിഷേകിന്‍റെ അടിക്ക് ഫിന്‍ അലനിലൂടെയായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചടി. ഡേവിഡ് പെയ്ന്‍ എറിഞ്ഞ കൊല്‍ക്കത്ത ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ ആദ്യ പന്തില്‍ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ സിംഗിളെടുത്തപ്പോള്‍ പിന്നീടുള്ള 5 പന്തുകളില്‍ 4,4,6,6, 4 എന്നിങ്ങനെ 25 തൂക്കിയടിച്ച് 25 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഫിന്‍ അലന്‍റെ വെടിക്കെട്ട് അധികം നീളാതിരുന്നത് ഹൈദരാബാദിന് ആശ്വാസമായി. രണ്ടാം ഓവര്‍ എറിയാനെത്തിയ ഹര്‍ഷ് ദുബെക്കെതിരെയും ഫിന്‍ അലന്‍ ബൗണ്ടറി പറത്തിയെങ്കിലും അടുത്ത പന്തില്‍ പുറത്തായി.
ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടം മുതല്‍ മോശം ഫോമിലായിരുന്ന വരുണ്‍ ചക്രവര്‍ത്തിക്ക് ഐപിഎല്ലില്‍ മുംബൈക്കെതിരായ ആദ്യ മത്സരത്തിലും തിളങ്ങാനായിരുന്നില്ല. ഇന്നലെ ഹൈദരാബാദിനെതിരെ രണ്ടോവര്‍ മാത്രം എറിഞ്ഞ വരുണ്‍ 31 റണ്‍സാണ് വഴങ്ങിയത്. ഫിന്‍ അലന്‍ തൂക്കിയടിച്ച ഡേവിഡ് പെയ്ന്‍ രണ്ടോവറില്‍ 35 റണ്‍സാണ് വിട്ടുകൊടുത്തത്.
