കറാച്ചി: ഒരു ദശകത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റ് പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി പാക്കിസ്ഥാന്‍ ഓപ്പണര്‍ ആബിദ് അലി.  ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചുവെങ്കിലും സെഞ്ചുറി നേടിയ ആബിദ് അലി ഏകദിനത്തിന് പിന്നാലെ ടെസ്റ്റ് അരങ്ങേറ്റത്തിലും സെഞ്ചുറി നേടുന്ന ആദ്യ പുരുഷ താരമായി.

വനിതാ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് താരം എനിഡ് ബേക്‌വെല്‍(1968-1979) ഈ നേട്ടം മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്. പുരുഷ ക്രിക്കറ്റില്‍ മറ്റൊരു താരവും ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റത്തില്‍ സെഞ്ചുറി സ്വന്തമാക്കിയിട്ടില്ല. ഈ വര്‍ഷമാദ്യം ഓസ്ട്രേലിയക്കെതിരെ ഏകദിനത്തില്‍ അരങ്ങേറിയ 32കാരനായ ആബിദ് അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ടെസ്റ്റ് അരങ്ങേറ്റത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ പാക്കിസ്ഥാനായി സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനുമാണ് ആബിദ് അലി.

10 വര്‍ഷം മുമ്പ് ഉമര്‍ അക്മല്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ശേഷം മറ്റൊരു പാക് ബാറ്റ്സ്മാനും അരങ്ങേറ്റത്തില്‍ സെഞ്ചുറി സ്വന്തമാക്കിയിട്ടില്ല. 201 പന്തില്‍ 109 റണ്‍സുമായി ആബിദ് അലി പുറത്താകാതെ നിന്നപ്പോള്‍ ബാബര്‍ അസം 128 പന്തില്‍ 102 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മഴമൂലം ഭൂരിഭാഗം ദിവസങ്ങളും നഷ്ടമായ മത്സരത്തില്‍ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു.