ആബിദ് അലി (118 ബാറ്റിങ്), അസര്‍ അലി (126) എന്നിവരുടെ സെഞ്ചുറിയാണ് പാകിസ്ഥാന്‍ ആദ്യദിനം മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബ്ലസിംഗ് മുസറബാനി സിംബാബ്‌വെയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന് മികച്ച തുടക്കം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തിട്ടുണ്ട്. ആബിദ് അലി (118 ബാറ്റിങ്), അസര്‍ അലി (126) എന്നിവരുടെ സെഞ്ചുറിയാണ് പാകിസ്ഥാന്‍ ആദ്യദിനം മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബ്ലസിംഗ് മുസറബാനി സിംബാബ്‌വെയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഓപ്പണര്‍ ഇമ്രാന്‍ ബട്ടിനെ (2) തുടക്കത്തില്‍ തന്നെ പാകിസ്ഥാന് നഷ്ടമായി. എന്നാല്‍ വിക്കറ്റ് നേട്ടം മുതലാക്കാന്‍ ആതിഥേയര്‍ക്കായില്ല. ആബിദ്- അസര്‍ സഖ്യം പാകിസ്ഥാനെ കരകയറ്റി. ഇരുവരും 236 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17 ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു അസറിന്റെ ഇന്നിങ്‌സ്. 

അസര്‍ മടങ്ങിയതിന് പിന്നാലെ പാകിസ്ഥാന് തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ ബാബര്‍ അസം (2), ഫവാദ് ആലം എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. അവസാന ഓവറുകളില്‍ സാജിദ് ഖാന്‍ (1) ഉറച്ചുനിന്നതോടെ കൂടുതല്‍ വിക്കറ്റ് നഷ്ടമാവാതെ സന്ദര്‍ശകര്‍ ആദ്യദിനം പൂര്‍ത്തിയാക്കി. ആബിദ് ഇതുവരെ 17 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.