ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിലവില്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. വിരമിച്ചശേഷം പോലും വിദേശ ലീഗുകളില്‍ കളിക്കാന്‍ കളിക്കാര്‍ക്ക് ബിസിസിഐയുടെ അനുമതി ആവശ്യമാണ്.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ എന്തുകൊണ്ട് വിദേശ ലീഗുകളില്‍ കളിക്കാറില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. യുട്യൂബിലെ ക്ലബ് പ്രെയറി ഫയറില്‍ ആദം ഗ്രില്‍ക്രിസ്റ്റിനോട് സംസാരിക്കവെയാണ് സെവാഗ് ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗുകളില്‍ കലിക്കാത്തതിന്‍റെ കാരണം വിശദീകരിച്ചത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന്.
ഗില്‍ക്രിസ്റ്റ്: ഇന്ത്യൻ താരങ്ങള്‍ക്ക് എന്നെങ്കിലും വിദേശ ലീഗുകളില്‍ കളിക്കാന്‍ കഴിയുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ ?
സെവാഗ്: അതിന്‍റെ ആവശ്യം ഇല്ലല്ലോ, ഞങ്ങള്‍ ധനികരാണ്, ദരിദ്രരാജ്യങ്ങളില്‍ കളിക്കാന്‍ ഞങ്ങള്‍ പോവാറില്ല(ചിരിക്കുന്നു).
പിന്നീട് സെവാഗ് തന്‍റെ തന്നെ അനുഭവം വിശദീകരിച്ചു. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ഞാന്‍ ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ സമയത്ത് ഐപിഎല്ലില്‍ സജീവമായിരുന്നു. ആ സമയം എനിക്ക് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കാനുള്ള ഓഫര്‍ ലഭിച്ചു. ഞാന്‍ പറഞ്ഞു, ശരി, എത്ര രൂപ തരുമെന്ന്. അന്ന് അവര്‍ ഓഫര്‍ ചെയ്തത് ഒരു ലക്ഷം ഡോളറാണ്. ഞാന്‍ അവരോട് പറഞ്ഞു, അത്രയും തുക എന്‍റെ അവധിക്കാലം ചെലവഴിക്കാനുള്ളതേയുള്ളു. ഇന്നലെ രാത്രിയിലെ ബില്ല് പോലും ഒരു ലക്ഷം ഡോളറാണെന്ന്-സെവാഗ് പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിലവില്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. വിരമിച്ചശേഷം പോലും വിദേശ ലീഗുകളില്‍ കളിക്കാന്‍ കളിക്കാര്‍ക്ക് ബിസിസിഐയുടെ അനുമതി ആവശ്യമാണ്. അതേസമയം, വനിതാ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതിന് വിലക്കില്ല.
