ദില്ലി: അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകലെ പ്രവചിച്ച് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണെങ്കിലും പാക്കിസ്ഥാന്‍ ഗില്‍ക്രിസ്റ്റിന്റെ സെമി ഫൈനലിസ്റ്റുകളുടെ പട്ടികയില്ല. ഇന്ത്യ ലോകകപ്പിന്റെ സെമിയിലും ഫൈനലിലും കളിക്കുമെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു. എന്നാല്‍ ആരാവും ജേതാക്കളാകുക എന്ന് പ്രവചിക്കാനാവില്ലെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ഇന്ത്യക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളാണ് ടി20 ലോകകപ്പിന്റെ സെമിയിലെത്താന്‍ സാധ്യതയുള്ളത്. ഇതില്‍ ഇന്ത്യ ഫൈനലിലെത്താനും സാധ്യത കൂടുതലാണ്. ടി20 ക്രിക്കറ്റ് ലോട്ടറി പോലെയാണ്. ആരാണോ അവസരം ഉപയോഗിക്കുന്നത് അവര്‍ ജേതാക്കളാകും. അതുകൊണ്ടുതന്നെ ജേതാക്കളെ പ്രവചിക്കുക അസാധ്യമാണ്.

പാക്കിസ്ഥാന്‍ കരുത്തുറ്റ ടീമാണെന്നും അവരെ എഴുതിത്തള്ളാനാവില്ലെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണെന്നും അടുത്തവര്‍ഷം ഓസ്ട്രേലിയന്‍ പര്യടനത്തിന് വരുമ്പോള്‍ ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. അടുത്ത വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെ ഓസ്ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുക.