കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം നജീബ് തരകയ് (29) അപകടത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം അപകടത്തില്‍പ്പെട്ടിരുന്നത്.  ചികിത്സയിലിരിക്കെയാണ് താരം മരണത്തിന് കീഴടങ്ങിയത്. കോമയിലായിരുന്ന നജീബിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശസ്ത്രക്രിയക്കും വിധേയമാക്കിയിരുന്നു. 

അഫ്ഗാനിസ്ഥാന് വേണ്ടി 12 ടി20 മത്സരങ്ങളും ഒരു ഏകദിനവും കളിച്ച താരമാണ്. 2014 ല്‍ ബംഗ്ലാദേശില്‍ നടന്ന ടി20 ലോകകപ്പിലൂടെയാണ് നജീബിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം. 2017 മാര്‍ച്ചില്‍ ട്വന്റി-20 യില്‍ അയര്‍ലന്റിനെതിരെ നേടിയ 90 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 24 ഫസ്റ്റ് ക്ലാസ് ഗെയിംസ് കളിച്ച താരം 2030 റണ്‍സ് നേടിയിരുന്നു.

മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ച് കടക്കവെ നജീബിനെ കാര്‍ വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നജീബിന്റെ മരണം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. 2014ല്‍ സിംബാബ്വെ എക്കെതിരെ കളിച്ചാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ നജീബിന്റെ അരങ്ങേറ്റം. സ്ഥിരത നിലനിര്‍ത്തുന്നതില്‍ മികവ് കാണിച്ച നജീബിന്റെ 24 കളിയില്‍ നിന്നുള്ള ബാറ്റിങ് ശരാശരി 47.2 ആണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ ആദ്യ ഇരട്ട ശതകവും നജീബ് സ്വന്തമാക്കി.