അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് സ്റ്റാര്‍ സ്പിന്നറുടെ വിവാഹച്ചടങ്ങുകള്‍ നടന്നത്.

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ ക്രിക്കറ്റര്‍ റാഷിദ് ഖാന്‍ വിവാഹിതനായി. ഒരിക്കല്‍ അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് നേടിയ ശേഷമേ വിവാഹമുള്ളുവെന്ന തീരുമാനമെടുത്തിരുന്ന താരമായിരുന്നു റാഷിദ്. അഫ്ഗാന് എന്തായാലും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. ഇപ്പോള്‍ തീരുമാനം മാറ്റിവച്ച് വിവാഹിതനായിരിക്കുകയാണ് റാഷിദ്. ഇന്നലെയാണ് വിവാഹം നടന്നത്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ റാഷിദിന്റെ സഹ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാഹ വിരുന്നില്‍ പങ്കെടുത്തു. വിവാഹ വസ്ത്രം ധരിച്ചു നില്‍ക്കുന്ന റാഷിദിന്റെ ചിത്രങ്ങളും സഹ താരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് സ്റ്റാര്‍ സ്പിന്നറുടെ വിവാഹച്ചടങ്ങുകള്‍ നടന്നത്. താരത്തിനൊപ്പം മൂന്ന് സഹോദരങ്ങളും ഒരേ വേദിയില്‍ തന്നെ വിവാഹിതരായി. ആമിര്‍ ഖലീല്‍, സക്കീയുള്ള, റാസ ഖാന്‍ എന്നിവരാണ് റാഷിദിനൊപ്പം വിവാഹിതരായ സഹോദരങ്ങള്‍. പഷ്തൂണ്‍ ആചാരമനുസരിച്ചായിരുന്നു ചടങ്ങുകള്‍. വിവാഹ വേദിയായ കാബൂളിലെ ഇംപീരിയില്‍ കോണ്ടിനെന്റല്‍ ഹോട്ടലിന് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. റാഷിദിന്റെ വിവാഹവേദിക്ക് സുരക്ഷയൊരുക്കുന്ന തോക്കുധാരികളുടെ ദൃശ്യങ്ങളും പുറത്തുവന്നു. വീഡിയോ കാണാം...

Scroll to load tweet…

അഫ്ഗാന്‍ ക്രിക്കറ്റ് ടീമിലെ റാഷിദിന്റെ സഹതാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി. അഫ്ഗാനിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ റാഷിദ് ഖാന് ആശംസകള്‍ നേര്‍ന്നു. കിംഗ് ഖാന് വിവാഹാശംസകള്‍ എന്നാണ് സീനിയര്‍ താരം മുഹമ്മദ് നബി എക്‌സില്‍ കുറിച്ചത്. വധുവിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Scroll to load tweet…
Scroll to load tweet…

മുന്‍പ് ആസാദി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം അഫ്ഗാന്‍ ലോകകപ്പ് നേടിയ ശേഷം മാത്രമേ വിവാഹം കഴിക്കുവെന്നു പറഞ്ഞത്. അഫ്ഗാന് ലോകകപ്പ് നേടാനായില്ലെങ്കില്‍ പോലും ഏത് കൊല കൊമ്പന്‍ ടീമിനേയും വീഴ്ത്താന്‍ പോന്ന കരുത്തുമായാണ് അവര്‍ നിലവില്‍ കളിക്കുന്നത്. അതില്‍ റാഷിദിന് നിര്‍ണായക പങ്കുമുണ്ട്.