Asianet News MalayalamAsianet News Malayalam

അടിച്ചൊതുക്കി ​ഗുർബാസും ഒമർസായിയും, കറക്കിവീഴ്ത്തി റാഷിദ് ഖാൻ, ദക്ഷിണാഫ്രിക്കക്കെതിരെ വൻ ജയം, അഫ്​ഗാന് പരമ്പര

റഹ്മാനുള്ള ​ഗുർബാസിന്റെ തകർപ്പൻ സെഞ്ച്വറിയും (110 പന്തിൽ 105) അസ്മത്തുള്ള ഒമർസായിയുടെ വെടിക്കെട്ടുമാണ് (50 പന്തിൽ 80 നോട്ടൗട്ട്) ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാന് മികച്ച സ്കോർ സമ്മാനിച്ചത്.

Afghanistan beat South africa wins ODI Series
Author
First Published Sep 21, 2024, 1:30 AM IST | Last Updated Sep 21, 2024, 1:41 AM IST

ഷാർജ: ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്ര വിജയവുമായി ഏകദിന പരമ്പര സ്വന്തമാക്കി അഫ്​ഗാനിസ്ഥാൻ. 177 റൺസിന്റെ കൂറ്റൻ വിജയവുമായാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അഫ്​ഗാൻ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരവും അഫ്​ഗാൻ വിജയിച്ചിരുന്നു. സ്കോർ: അഫ്​ഗാൻ 50 ഓവറിൽ 4 വിക്കറ്റിന് 311. ദക്ഷിണാഫ്രിക്ക 34.2 ഓവറിൽ 134ന് പുറത്ത്. 

റഹ്മാനുള്ള ​ഗുർബാസിന്റെ തകർപ്പൻ സെഞ്ച്വറിയും (110 പന്തിൽ 105) അസ്മത്തുള്ള ഒമർസായിയുടെ വെടിക്കെട്ടുമാണ് (50 പന്തിൽ 80 നോട്ടൗട്ട്) ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാന് മികച്ച സ്കോർ സമ്മാനിച്ചത്. റഹ്മത്ത് ഷാ (50) അർധ സെഞ്ച്വറി നേടി. റാഷിദ് ഖാന്റെ മിന്നുന്ന പ്രകടനം ദക്ഷിണാഫ്രിക്കയെ തകർത്തു. 9 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് റാഷിദ് ഖാൻ നേടി. നം​ഗിയേലിയ ഖരോട്ടെ 6 ഓവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി റാഷിദ് ഖാന് മികച്ച പിന്തുണ നൽകി. ഒമർസായി ശേഷിച്ച വിക്കറ്റ് നേടി.

ക്യാപ്റ്റൻ തെംബ ബാവുമ (38), ടോണി ഡി സോർസി (31), എയ്ഡൻ മാർക്രം(21), റീസ ഹെന്റിക്സ് (17) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്.  

ഒന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടാണ് ​ഗുർബാസും റിയാസ് ഹസനും (29) ഉയർത്തിയത്. 17.3 ഓവറിൽ ഇരുവരും 88 റൺസ് ചേർത്തു. വൺ ഡൗണായി എത്തിയ റഹ്മത്ത് ഷായും മികച്ച ഫോമിലായി. രണ്ടാം വിക്കറ്റിൽ ഇരുവരും 101 റൺസിന്റെ കൂട്ടുകെട്ടുയർത്തി. ഷാ മടങ്ങിയതോടെ എത്തിയ ഒമർസായി ദക്ഷിണാഫ്രിക്കൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു. അഞ്ച് ഫോറും ആറ് സിക്സും സഹിതം 50 പന്തിൽ 80 റൺസാണ് ഒമർസായി നേടിയത്.

312 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ഒരിക്കൽ പോലും വിജയ പ്രതീക്ഷ നൽകിയില്ല. 73 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച് ഒമർസായി തുടങ്ങിയ വിക്കറ്റ് വേട്ട റാഷിദ് ഖാനും ഖരോട്ടെയും ഏറ്റെടുത്തതോടെ 9 വിക്കറ്റ് വെറും 61 റൺസിന് വീണു. സോർസി, സ്റ്റബ്സ്, മർക്രം, വെരെയ്നെ, മൾഡർ എന്നിവരെ റാഷിദ് ഖാൻ മടക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios