ലക്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏക ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അഫ്ഗാനിസ്ഥാന്‍ 187ന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനെ ഏഴ് വിക്കറ്റ് നേടിയ റഖീം കോണ്‍വാളാണ് തകര്‍ത്തത്. 39 റണ്‍സെടുത്ത ജാവേദ് അഹമ്മദിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ജേസണ്‍ ഹോള്‍ഡര്‍ രണ്ടും ജോമല്‍ വരിക്കാന്‍ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച് വിന്‍ഡീസ് വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെടുത്തിട്ടുണ്ട്.

ലക്‌നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ ഒരു ഘട്ടത്തില്‍ ഒന്നിന് 84 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. എന്നാല്‍ പിന്നീടങ്ങോട്ട് കോണ്‍വാളിന്റെ സ്പിന്നിന് മുന്നില്‍ അഫ്ഗാന് പിടിച്ചുനില്‍ക്കാനായില്ല. ആമിര്‍ ഹംസ (34), അഫ്‌സര്‍ സസൈ (32), ഇഹ്‌സാനുള്ള (24) എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്ന മറ്റുതാരങ്ങള്‍.

നേരത്തെ ഏകദിന പരമ്പരയില്‍ വിന്‍സീസ് വിജയിച്ചിരുന്നു. പിന്നാലെ നടന്ന ടി20 പരമ്പര അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു.