ലക്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏക ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 90 റണ്‍സെന്ന നിലയിലാണ്. റഹ്മത്ത് ഷാ (4)യാണ് ക്രീസിലുള്ളത്. റഖീം കോണ്‍വാള്‍ രണ്ടും ജോമല്‍ വരിക്കാന്‍ ഒരു വിക്കറ്റും വീഴ്ത്തി. ഇബ്രാഹിം സദ്രാന്‍ (17), ജാവേദ് അഹമ്മദി (39), ഇഹ്‌സാനുള്ള ജനാത് (24) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്.

ലഞ്ചിന് തൊട്ടുമുമ്പുള്ള മൂന്ന് ഓവറുകള്‍ക്കിടെയാണ് അഫ്ഗാനിസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്. ഒരു ഘട്ടത്തില്‍ 84ന് ഒന്ന് എന്ന നിലയിലായിരുന്നു അഫ്ഗാന്‍. എന്നാല്‍ ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നേരത്തെ ഏകദിന പരമ്പര വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയിരുന്നു. ടി20 പരമ്പര അഫ്ഗാനിസ്ഥാന് നേടുകയായിരുന്നു.